ലണ്ടൻ: രാജപദവികൾ ഉപേക്ഷിച്ച കൊച്ചു മകൻ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം എലിസബത്ത് രാജ്ഞിയെ അഗാധമായി മുറിവേൽപ്പിച്ചതായും അവർ വളരെയധികം അസ്വസ്ഥയായിരുന്നുവെന്നും വെളിപ്പെടുത്തൽ. 'ദ ന്യൂ റോയൽസ്: ക്വീൻ എലിസബത്ത്സ് ലെഗസി ആൻഡ് ദ ഫ്യൂച്ചർ ഓഫ് ദ ക്രൗൺ' എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്. രാജ്ഞിയുമായി വളരെ അടുത്ത ബന്ധമുള്ള ഒരാളാണ് വിവരം നൽകിയത്.
'' രാജ്ഞിയെ ഉലച്ചുകളഞ്ഞ തീരുമാനമായിരുന്നു അത്. എനിക്കറിയില്ല. ഞാനത് കാര്യമാക്കുന്നില്ല. ഇതെ കുറിച്ച് ഞാനിനി കൂടുതൽ ചിന്തിക്കില്ല'' എന്നായിരുന്നു രാജ്ഞി പറഞ്ഞത് എന്നാണ് വെളിപ്പെടുത്തൽ. വാനിറ്റി ഫെയർ ആണ് പുസ്തകം പുറത്തിറക്കിയത്. വാനിറ്റി ഫെയറിലെ രാജകുടുംബത്തിലെ കറസ്പോണ്ടന്റ് കാതീ നികോൾ ആണ് പുസ്തകം എഴുതിയത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഹാരിയും മേഗനും മക്കളായ ആർച്ചി ഹാരിസണും ലിലിബെറ്റും കൊട്ടാരത്തിലേക്ക് വരാതിരുന്നതിൽ രാജ്ഞി വളരെ ദുഃഖിതയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ബാൽമോറൽ കൊട്ടാരത്തിൽ പേരക്കുട്ടികൾക്കും അവരുടെ കുട്ടികൾക്കും രാജ്ഞി പതിവായി വിരുന്ന് നടത്താറുണ്ട്. സെപ്റ്റംബർ എട്ടിനാണ് 96ാം വയസിൽ എലിസബത്ത് രാജ്ഞി മരിച്ചത്. രാജ്ഞിയുടെ പിൻഗാമിയായി മൂത്തമകൻ ചാൾസ് രാജാവായി അധികാരമേറ്റു.
ഹാരിയുടെയും മേഗന്റെയും തീരുമാനം രാജ്ഞിയെ പോലെ ചാൾസിനെയും വേദനിപ്പിച്ച ഒന്നാണ്. അവരുടെ തീരുമാനത്തിൽ നിരാശയും വേദനയുമുണ്ടെന്നും ഹാരിയോടുള്ള തന്റെ സ്നേഹം എന്നുമുണ്ടായിരിക്കുമെന്നുമാണ് ചാൾസ് പറഞ്ഞത്. മുത്തശ്ശനെന്ന നിലയിൽ ആർച്ചിയെയും ലിലിബെറ്റിനെയും താലോലിക്കാൻ ആഗ്രഹിക്കുന്നതായും ചാൾസ് വെളിപ്പെടുത്തിയിരുന്നു.
രാജ്ഞിയുടെ മരണശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ചാൾസ് ഹാരിയെയും മേഗനെയും പ്രത്യേകം പരാമർശിച്ചിരുന്നു. മരണശേഷം രാജ്ഞിയെ കാണാൻ ഹാരിയും മേഗനുമെത്തിയിരുന്നു. കൊട്ടാരത്തിൽ താൻ വംശീയ അധിക്ഷേപം നേരിട്ടതായും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെ കുറിച്ചടക്കം ചർച്ചകൾ നടന്നിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് രാജകുടുംബം വിട്ട് മറ്റൊരു രാജ്യത്ത് സ്ഥിര താമസമാക്കാൻ ഹാരിയും മേഗനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.