‘ഇനി ആര് എന്നെ ഉപ്പാ എന്ന് വിളിക്കും?...’ -ഗസ്സയിൽ 103 ബന്ധുക്കൾ കൊല്ലപ്പെട്ട യുവാവിന്റെ കണ്ണീർ ചോദ്യം

ഗസ്സ: അഹ്മദ് അൽ ഗുഫൈരിക്ക് എല്ലാം ഒരു പേടി സ്വപ്നം പോലെയാണ് തോന്നുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് എത്തുംപിടിയുമില്ല. കിളികളെ പോലെ പാറി നടന്ന തന്റെ മൂന്ന് കുഞ്ഞുപെൺമക്കളും പ്രിയതമയും കൊല്ലപ്പെട്ടിരിക്കുന്നു. ഉമ്മയും സഹോദരങ്ങളും അടക്കം 103 ബന്ധുക്കളെയാണ് ഇസ്രായേൽ അധിനിവേശ സേന ക്രൂരമായി കൊലപ്പെടുത്തിയത്.

ഒക്‌ടോബർ 7 ന് തെൽ അവീവിലെ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു അഹ്മദ്. ഇസ്രായേൽ ഉപരോധം കാരണം നാട്ടിലേക്കുള്ള മടക്കം പാതിവഴിയിൽ തടസ്സപ്പെട്ടു. ഡിസംബർ എട്ടിന് ഭാര്യയും മക്കളും കൊല്ലപ്പെട്ട ദിവസം 50 മൈൽ അകലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറിക്കോയിൽ കുടുങ്ങികിടക്കുകയായിരുന്നു ഇദ്ദേഹം. പ്രിയതമയേയും പ്രിയ​പ്പെട്ട മക്കളേയും ഉമ്മയേയും സഹോദരങ്ങളെയും മരിക്കുന്നതിന് മുമ്പോ, മരണശേഷമോ അവസാനമായി ഒരുനോക്ക് കാണാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

‘അവൾ മരിക്കുമെന്ന് അവൾക്കറിയാമായിരുന്നു’

നാട്ടിലേക്കുള്ള മടക്കം മുടങ്ങിയതിനാൽ ദിവസവും ഫോൺ വിളിക്കുമായിരുന്നു. കൊല്ലപ്പെട്ട ദിവസവും ഫോൺ കണക്ഷനുകൾ അനുവദിച്ചപ്പോൾ എല്ലാ ദിവസവും ഒരേ സമയത്താണ് അദ്ദേഹം അവരോട് സംസാരിച്ചിരുന്നത്. ഡിസംബർ 8 ന് വൈകുന്നേരം ആക്രമണം നടക്കുമ്പോൾ ഭാര്യ ഷിറീനുമായി അഹമ്മദ് ഫോണിൽ സംസാരിച്ചിരുന്നു. ‘അവൾ മരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. എന്തെങ്കിലും മോശം പെരുമാറ്റം സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ എല്ലാം പൊരുത്തപ്പെടണമെന്ന് അവൾ അന്ന് പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിലുള്ള അവസാന വിളി അതായിരുന്നു’ -ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അഹ്മദ് പറഞ്ഞു.

അന്ന് വൈകീട്ട് അമ്മാവന്‍റെ വീടിന് നേരെയുണ്ടായ ഇസ്രായേൽ ബോംബ് ആക്രമണത്തിൽ ഷിറീനും മക്കളായ താല, ലാന, നജ്‌ല എന്നിവരും കൊല്ലപ്പെട്ടു. അഹ്മദിന്‍റെ ഉമ്മയും നാല് സഹോദരന്മാരും അവരുടെ കുടുംബങ്ങളും അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടമായി. അവരിൽ പലരുടെയും മൃതദേഹങ്ങൾ രണ്ട് മാസത്തിലേറെയായി അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞയാഴ്ചയായിരുന്നു അഹമ്മദിന്‍റെ ഇളയ മകളുടെ ജന്മദിനം. വേണ്ടപ്പെട്ടവരുടെ നഷ്ടം അഹ്മദിന് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മക്കളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനോ സംസ്ക്കരിക്കാനോ കഴിയാതെ വിങ്ങുന്ന ഓർമകളുമായി കഴിയുകയാണ് അദ്ദേഹം. വീട്ടിലേക്കുള്ള പ്രവേശന കവാടത്തിലാണ് ആദ്യം മിസൈൽ പതിച്ചതെന്ന് ജീവിച്ചിരിക്കുന്ന ഏതാനും ബന്ധുക്കളും അയൽക്കാരും പറഞ്ഞു. ഉടൻ അവർ വേഗം പുറത്തിറങ്ങി അടുത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. പതിനഞ്ച് മിനിറ്റിനുള്ളിൽ ആ വീട്ടിലും വ്യോമാക്രമണം നടന്നു.

ഇപ്പോഴിത് തകർന്ന കോൺക്രീറ്റിന്‍റെ കൂമ്പാരമാണ്. 'ആക്രമണം ആരംഭിച്ചപ്പോൾ കുന്നിൻ മുകളിലേക്ക് ഓടിയവർ രക്ഷപ്പെട്ടു. വീട്ടിൽ അഭയം പ്രാപിച്ചവർ കൊല്ലപ്പെട്ടു. ഞങ്ങളുടെ കുട്ടികളും ബന്ധുക്കളുമടക്കം ഗു​ഫൈരി കുടുംബത്തിൽ നിന്നുള്ള 110 പേർ അവിടെ ഉണ്ടായിരുന്നു. വിരലിലെണ്ണാവുന്നവർ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു' അഹ്മദിന്‍റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ ഒരാളായ ഹമീദ് അൽ-ഗുഫൈരി പറഞ്ഞു.

‘മുന്നറിയിപ്പില്ലാതെയാണ് ആക്രമണം നടന്നത്. ബാക്കിയുള്ളവർ ഈ പ്രദേശം വിട്ടുപോയിരുന്നില്ലെങ്കിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുമായിരുന്നു. പ്രദേശം മുഴുവൻ നിലംപരിശാക്കി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷപ്പെട്ടവർ പുലർച്ചെ വരെ പരിശ്രമിച്ചിരുന്നു. ഞങ്ങൾ മൃതദേഹങ്ങൾക്കായി തിര​യുമ്പോൾ യുദ്ധ വിമാനങ്ങൾ ആകാശത്ത് പറന്നുകൊണ്ടിരുന്നു. ക്വാഡ്‌കോപ്റ്ററുകൾ ഞങ്ങൾക്ക് നേരെ വെടിയുതിർത്തു’ -ഹമീദ് പറഞ്ഞു.

ജെറിക്കോയിൽ കുടുങ്ങിയ അഹ്മദ് പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കണ്ടിട്ടില്ല. ‘അവരെല്ലാം സാധാരണക്കാരായിരുന്നു. എന്‍റെ ഉമ്മയും ഭാര്യയും മക്കളും സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിനെ ഇല്ലാതെയാക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്?’ -അഹ്മദ് വേദനയോടെ പറയുന്നു. ഗസ്സയിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ ഇപ്പോഴും അദ്ദേഹം വിളിക്കാറുണ്ട്. ഇനി എപ്പോഴെങ്കിലും തിരികെ വരാൻ പറ്റുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് അഹ്മദ് അവിടെ കഴിയുന്നത്. ‘എന്‍റെ സ്വപ്നങ്ങളെല്ലാം ഗസ്സയിൽ തകർന്നു. ഞാൻ ആർക്ക് വേണ്ടി ഇനി തിരിച്ചു പോകണം? എന്നെ അച്ഛാ എന്ന് ഇനി ആരാണ് വിളിക്കുക...?’

Tags:    
News Summary - the tearful question of a young man in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.