ബ്രസൽസ്: ഇരുകൂട്ടരും നിലപാടുകളിൽ അയവുവരുത്താത്തതിനാൽ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാർ സംബന്ധിച്ച ബ്രിട്ടെൻറ ചർച്ച എങ്ങുമെത്തിയില്ല. ഇതേതുടർന്ന് വാരാന്ത്യം വരേക്ക് ചർച്ച നീട്ടിവെച്ചു.
ബ്രെക്സിറ്റ് നടപ്പായതിനാൽ അടുത്ത മൂന്നാഴ്ചക്കകം യൂറോപ്യൻ യൂനിയെൻറ വ്യാപാര സംഘത്തിൽനിന്ന് ബ്രിട്ടൻ പുറത്താകും. ഇതിനുമുമ്പായി പുതിയ കരാറിൽ ഏർപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ വ്യാപാരം മുതൽ ഊർജം വരെ വിവിധ മേഖലകളിൽ വൻ പ്രതിസന്ധിയാണ് ബ്രിട്ടൻ നേരിടാൻ പോകുന്നത്.
തങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കുന്നതിന് നിലവിലുള്ള നിർദേശങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ വാരാന്ത്യത്തോടെ തീരുമാനത്തിലെത്തുമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. നിലവിൽ ഇരുകൂട്ടരുടേയും നിലപാടുകൾ വളരെ അകലത്താണുള്ളതെന്നും അവർ പറഞ്ഞു.
അതേസമയം, അഞ്ചുവർഷത്തെ ബ്രെക്സിറ്റ് പ്രതിസന്ധി, യൂറോപ്യൻ യൂനിയനുമായി ഒരു ധാരണയിലുമെത്താതെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്ക ബ്രിട്ടനുണ്ട്. ഇരുകൂട്ടർക്കുമിടയിലെ വിടവ് വലുതാണെന്നും അത് നികത്തപ്പെടുന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ് ബ്രിട്ടീഷ് സർക്കാറിലെ മുതിർന്ന അംഗം അഭിപ്രായപ്പെട്ടത്. കരാറിലെത്താനായില്ലെങ്കിൽ 73 ലക്ഷം കോടി രൂപയുടെ വാർഷിക വ്യാപാരത്തെയാണ് ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.