ഗസ്സയിൽ പ്രതിദിനം കൊല്ലപ്പെടുന്നത് 37 അമ്മമാരെന്ന് യു.എൻ

ന്യൂയോർക്ക്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടങ്ങി അഞ്ച് മാസത്തിനിടെ ഗസ്സയിൽ ഇസ്രായേൽ സൈന്യം 9,000 സ്ത്രീകളെ കൊന്നൊടുക്കിയതായി യുഎൻ. പ്രതിദിനം 37 അമ്മമാരും 63 സ്ത്രീകളും കൊല്ലപ്പെടുന്നതായും ലിംഗസമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ യു.എൻ വുമൺ എക്സിൽ അറിയിച്ചു. സ്ത്രീകൾക്കെതിരായ യുദ്ധമാണ് നടക്കുന്നത്. അമ്മമാർ കൊല്ലപ്പെടുന്നത് കാരണം കുട്ടികളുടെ സംരക്ഷണം ഇല്ലാതാവുകയും തീർത്തും ഒറ്റപ്പെടുകയും ചെയ്യുന്നു.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഭക്ഷണത്തിന്റെ പകുതിയോ അതിൽ കുറവോ ആണ് ഇപ്പോൾ കഴിക്കുന്നത്. അതിനിടെ, ഗസ്സയിൽ മരണസംഖ്യ 30,228 ആയി ഉയർന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ അഞ്ചിൽ നാലു സ്ത്രീകളും (84 ശതമാനം) കഴിഞ്ഞ ആഴ്‌ചയിൽ ഭക്ഷണം ഒഴിവാക്കേണ്ടിവന്നതായി സൂചിപ്പിക്കുന്നു. 95 ശതമാനം കേസുകളിലും, അമ്മമാർ കുട്ടികൾക്ക് ഭക്ഷണം നൽകാൻ അവരുടെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരാണ്.

2.3 ദശലക്ഷം വരുന്ന ഗസ്സയിലെ മുഴുവൻ ജനങ്ങളും ആഴ്‌ചകൾക്കുള്ളിൽ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കും. 10 സ്ത്രീകളിൽ ഒമ്പത് പേർക്ക് (87 ശതമാനം) പുരുഷന്മാരേക്കാൾ ഭക്ഷണം ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗസ്സയിൽ ഉടനടി വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ മരിക്കും. ഗസ്സയിലെ കൊലപാതകവും ബോംബാക്രമണവും അവശ്യ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കലും അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.