അങ്കാറ: ഭൂകമ്പം സംഹാരതാണ്ഡവമാടിയ തുർക്കിയക്കും സിറിയക്കും കൈത്താങ്ങുമായി ലോകം. ദുരന്തം 23 ദശലക്ഷം പേരെ ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനും രക്ഷിക്കാനുമായി വിദഗ്ധരടങ്ങിയ സംഘം വിവിധയിടങ്ങളിലെത്തിയിട്ടുണ്ട്.
മെഡിക്കൽ സംഘവും സൈനികരും എൻജിനീയർമാരും കുടുങ്ങിയവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളുമെല്ലാം അടങ്ങുന്ന സംഘമാണ് വിവിധയിടങ്ങളിലുള്ളത്.
അടിയന്തര സേവനത്തിനായി യൂറോപ്യൻ യൂനിയൻ (ഇ.യു) തങ്ങളുടെ ‘കോപർനികസ് ഉപഗ്രഹ’ സംവിധാനം സജ്ജീകരിച്ചു. ഇ.യു അംഗങ്ങളായ 13 രാജ്യങ്ങൾ ഇതിനകം സഹായം വാഗ്ദാനം ചെയ്തു കഴിഞ്ഞു. അമേരിക്കയിൽനിന്നും വിദഗ്ധ സംഘം ദുരന്ത ഭൂമിയിലേക്ക് തിരിച്ചു.
ലോസ് ആഞ്ജലസിൽനിന്ന് 100ഓളം അഗ്നിശമന സേനാംഗങ്ങളും സ്ട്രക്ചറൽ എൻജിനീയർമാരും ഇവിടേക്ക് പോയി. ഈ സംഘത്തിൽ പരിശീലനം സിദ്ധിച്ച ആറ് നായ്ക്കളുമുണ്ട്. റഷ്യൻ സേനയിലെ വിവിധ വിഭാഗങ്ങൾ സിറിയയിൽ സജീവമാണ്. റഷ്യൻ സേനയുടെ സാന്നിധ്യം നേരത്തെ സിറിയയിലുണ്ട്.
സഹായം വിതരണം ചെയ്യാനുള്ള കേന്ദ്രങ്ങൾ റഷ്യൻ സൈന്യം സജ്ജീകരിച്ചു. തുർക്കിയക്ക് റഷ്യ സഹായം വാഗ്ദാനം ചെയ്യുകയും തുർക്കിയ അത് സ്വാഗതം ചെയ്യുകയുമുണ്ടായി.
രക്ഷാപ്രവർത്തനം, ആരോഗ്യ സേവനങ്ങൾ, താമസം, ഭക്ഷണം എന്നീ കാര്യങ്ങളിൽ സിറിയ യു.എൻ സഹായം അഭ്യർഥിച്ചു. യുദ്ധവും സംഘർഷവും ഇതിനകം പ്രതിസന്ധിയിലാക്കിയ സിറിയക്ക് ഭൂകമ്പം വൻ ആഘാതമാണുണ്ടാക്കിയത്. സർക്കാർ നിയന്ത്രണ മേഖലയിലും വിമത മേഖലകളിലും ഒരുപോലെ നാശമുണ്ടായിട്ടുണ്ട്.
തുർക്കിയയിലേക്ക് 150 എൻജിനീയർമാരും മെഡിക്കൽ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും മറ്റും അടങ്ങിയ സംഘത്തെ ഇസ്രായേൽ സൈന്യം അയച്ചു. സിറിയയുടെ അഭ്യർഥനപ്രകാരം മാനുഷിക സഹായം അനുവദിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രായേലും സിറിയയുമായി നയതന്ത്ര ബന്ധമില്ല. ചരിത്രപരമായി തുർക്കിയയുടെ വൈരികളായ ഗ്രീസും സഹായമെത്തിക്കാൻ മടിച്ചില്ല. ചെറു സംഘത്തെ തുർക്കിയയിലേക്ക് അയച്ച് അവർ ഐക്യദാർഢ്യം അറിയിച്ചു. ദക്ഷിണ കൊറിയ, പാകിസ്താൻ, ബ്രിട്ടൻ, തായ്വാൻ, സ്വിറ്റ്സർലൻഡ്, ചെക് റിപബ്ലിക്, ജപ്പാൻ.
ലബനാൻ, ജർമനി, ഓസ്ട്രിയ, സ്പെയിൻ, പോളണ്ട്, റുമേനിയ, ക്രൊയേഷ്യ, സെർബിയ, ഫ്രാൻസ്, ജോർഡൻ, മെക്സിക്കോ, ഈജിപ്ത്, ഇറ്റലി, ന്യൂസിലൻഡ് തുടങ്ങിയവരും വിദഗ്ധരെ അയക്കുന്നുണ്ട്. പല രാജ്യങ്ങളും ധനസഹായവും പ്രഖ്യാപിച്ചു. ചൈന റെഡ് ക്രോസ് സൊസൈറ്റി തുർക്കിയ-സിറിയ റെഡ് ക്രെസന്റിന് രണ്ടു ലക്ഷം ഡോളർ വീതം (ഏകദേശം 1.65 കോടി രൂപ) പ്രഖ്യാപിച്ചു.
ന്യൂഡൽഹി: തുർക്കിയയിലേക്ക് ഇന്ത്യ ‘ദേശീയ ദുരന്ത പ്രതികരണ സേന’യുടെ (എൻ.ഡി.ആർ.എഫ്) 101 അംഗങ്ങളെ അയച്ചു. ഇവർക്കൊപ്പം ദുർഘട സാഹചര്യങ്ങളിലും ഉപയോഗിക്കാനാവുന്ന വാഹനങ്ങളും രണ്ട് തിരച്ചിൽ നായ്ക്കളുമുണ്ട്. വാർത്തവിനിമയ സംവിധാനങ്ങളും സംഘം കരുതിയിട്ടുണ്ട്.
ഗാസിയാബാദ്, കൊൽകത്ത കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് വ്യോമസേന വിമാനത്തിൽ തുർക്കിയ ലക്ഷ്യമാക്കി പറന്നത്. മെഡിക്കൽ സംഘവും ഭൂകമ്പ മേഖലകളിലേക്ക് പോകാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.