ദുഃസ്വപ്നം അവസാനിച്ചിരിക്കുന്നു; ബൊൽസൊനാരോ തകർത്തെറിഞ്ഞ ബ്രസീലിനെ പുതുക്കിപ്പണിയുമെന്ന് ലുല ഡ സിൽവ

സാവോ പോളോ: ജയ്ർ ബൊൽസൊനാരോ തകർത്തെറിഞ്ഞ ബ്രസീലിനെ പുതുക്കിപ്പണിയതുമെന്ന് ലുല ഡ സിൽവ. ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു ലുല. പുനരുദ്ധരണം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കുമായിരിക്കും ത​​ന്റെ ഭരണകാലത്ത് മുൻഗണനയെന്നും ലുല വ്യക്തമാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് ആയിരക്കണക്കിന് അനുയായികളാണ് ലുല അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. ബ്രസീൽ ചരിത്രത്തിലെ ഏറ്റവും മോശമായ യുഗം അവസാനിച്ചതായും ലുല പ്രഖ്യാപിച്ചു.

''ഇരുളും അനിശ്ചിതത്വവും വേദനകളും നിറഞ്ഞ കാലഘട്ടമായിരുന്നു അത്. എന്നാൽ ആ ദുഃസ്വപ്നം അവസാനിച്ചിരിക്കുന്നു. ഭിന്നിച്ചു പോയ ലാറ്റിനമേരിക്കൻ രാജ്യത്തെ ഒന്നിപ്പിക്കും. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്ക് വേണ്ടി മാത്രമല്ല, 21.5 കോടി ബ്രസീൽ ജനതയുടെ നൻമക്കായി പ്രവർത്തിക്കും​.വിദ്വേഷ പ്രസംഗങ്ങൾക്കും കള്ളങ്ങൾക്കുമിടയിൽ നട്ടം തിരിയുകയായിരുന്നു ജനങ്ങൾ. വർഷങ്ങൾ​ കൊണ്ട് കെട്ടിപ്പടുത്ത സൗഹൃദങ്ങളാണ് അത് തകർത്തെറിഞ്ഞത്. ബ്രസീൽ ജനത ഇനി ഒറ്റക്കെട്ടാണ്. ''-ലുല പറഞ്ഞു.

ഫാക്ടറി തൊഴിലാളിയിൽ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ ചരിത്രമാണ് 77കാരനായ ലുല ഡ സിൽവയുടെത്. 2003 മുതൽ 2010 വരെയാണ് ലുല പ്രസിഡന്റ് സ്ഥാനത്തിരുന്നത്. അധികാരത്തിൽ ഇത് മൂന്നാം ഊഴമാണ്. സ്ഥാനാരോഹണചടങ്ങിനിടെ തന്റെ മുൻഗാമിയുടെ പേര് ലുല പരാമർശിച്ചതേയില്ല.

തീവ്രവലതുപക്ഷക്കാരനായിരുന്ന ബൊൽസൊനാരോ യു.എസിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയായിരുന്നു. കോവിഡ് കാലത്ത് ബൊൽസൊ​നാരോയുടെ കെടുകാര്യസ്ഥത മൂലം 7 ലക്ഷം ആളുകളാണ് രാജ്യത്ത് മരണപ്പെട്ടത്. ദശലക്ഷങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിലായി. പരിസ്ഥിതി സംരക്ഷണത്തിന് എതിരായ ബൊൽസൊനാരോയുടെ ഭരണത്തിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷണവും അവതാളത്തിലായി.

Tags:    
News Summary - This nightmare is over Lula da silva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.