ജറൂസലം: കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച് ഗസ്സക്കുമേൽ ഇസ്രായേൽ ആക്രമണം കനപ്പിച്ചതോടെ ഗസ്സയിൽ കൂട്ട പലായനം. 10,000 ലേറെ കുടുംബങ്ങൾ അഭയംതേടി പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുരുന്നുകളെയും കൂട്ടി ഇപ്പോഴും പലായനം തുടരുകയാണ്.
ഗസ്സയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 31 കുട്ടികളുൾപെടെ മരണം 126 ആയി. 920 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ മരിച്ചതായി ആശങ്കയുണ്ട്. ആറു കുട്ടികളുൾപെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന് ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ് അഭയാർഥി ക്യാമ്പ് ചാരമാക്കിയത്.
ഫലസ്തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം ശക്തമാക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്. വടക്കൻ ഗസ്സയിലാണ് ഇസ്രായേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്.
യു.എന്നും വിവിധ രാജ്യങ്ങളും ആവശ്യമുയർത്തിയിട്ടും ആക്രമണം ഇനിയും തുടരുമെന്ന നിലപാട് ഇസ്രായേൽ തുടരുകയാണ്. ഇസ്രായേലിൽ സമാധാനം പുനഃസ്ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു.
ഗസ്സയുടെ പശ്ചിമ, ഉത്തര മേഖലകളിലാണ് ഇസ്രായേൽ ആക്രമണം കൂടുതൽ കനപ്പിച്ചത്.
ഗസ്സക്കു നേരെ തുടരുന്ന ഭീകരതയിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേർക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്ക്രസന്റ് അറിയിച്ചു.
ലബനാൻ അതിർത്തി പ്രദേശത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒരാളെ കൂടി ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്നു. ഇവിടെ ഇതോെട മരണം രണ്ടായി. അതിനിടെ, ഇസ്രായേൽ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ് ജർറാഹിൽ അറസ്റ്റ് തുടരുകയാണ്.
എന്നാൽ, ഇസ്രായേൽ പ്രദേശമായ അഷ്ദോദ് ലക്ഷ്യമിട്ട് ശനിയാഴ്ചയും ഹമാസ് റോക്കറ്റുകൾ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കി ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ് റോക്കറ്റാക്രമണമെന്ന് ഹമാസ് അറിയിച്ചു. ആക്രമണങ്ങളിൽ ഇതുവരെ ഒമ്പതു പേർ ഇസ്രായേലിൽ മരണപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.