ഇസ്ലാമാബാദ്: രാജി അഭ്യൂഹങ്ങൾക്കിടെ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഇംറാൻ ഖാൻ. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം മറികടക്കാനുള്ള തന്ത്രമായാണ് ശക്തിപ്രകടനവുമായി ഇംറാൻ തലസ്ഥാനത്ത് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
ഭരണകക്ഷിയായ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗങ്ങൾ കൂറുമാറിയതോടെ അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടന്നാൽ ഇംറാന്റെ വിക്കറ്റ് തെറിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറപ്പിക്കുന്നത്. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ഇംറാനു പിന്നിൽ അണിനിരക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ശഫ്ഖത് മെഹ്മൂദ് ആവശ്യപ്പെട്ടു. റാലിയിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അഴിമതിക്കഥകളെ കുറിച്ചും മന്ത്രി വിവരിച്ചു. ജനങ്ങളുടെ സമ്മതമില്ലാതെ സ്വത്തുവകകൾ വിൽക്കുന്നതും വാങ്ങുന്നതും ജനാധിപത്യമല്ലെന്നും ആവർത്തിച്ചു.
റാലി നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഭരണകക്ഷിയിൽനിന്ന് ജംഹൂരി വത്വൻ പാർട്ടി നേതാവ് ഷഹ്സെയ്ൻ ബുഗ്തി കൂറുമാറിയിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നും ബുഗ്തി പരസ്യമായി പ്രഖ്യാപിച്ചു. അതിനിടെ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറിനെ പുറത്താക്കാനും രാഷ്ട്രത്തെ രക്ഷിക്കാനും ജനങ്ങൾ രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് ആവശ്യപ്പെട്ടു. ഇംറാന്റെ രാജിക്കായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധറാലിയിൽ അണിനിരക്കാനും ശഹബാസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) യിലെ 50 ഫെഡറൽ, പ്രവിശ്യ മന്ത്രിമാരെ ഏതാനും ദിവസങ്ങളായി പൊതുഇടങ്ങളിൽ കാണുന്നില്ലെന്ന് കഴിഞ്ഞദിവസം എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. യൂട്യൂബ് ചാനലിന്റെ പേരിൽനിന്ന് പ്രധാനമന്ത്രി എന്നത് ഒഴിവാക്കി ഇംറാൻ ഖാൻ എന്നു മാത്രമാക്കിയതാണ് രാജിവെക്കുകയാണെന്ന അഭ്യൂഹങ്ങൾക്കിടയാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ യൂട്യൂബ് ചാനലായ 'പ്രൈംമിനിസ്റ്റർ ഇംറാൻ ഖാൻ' എന്നതാണ് ഇംറാൻ ഖാൻ എന്നാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.