കൊളംബോ: രാജി സമ്മർദം നേരിടുന്ന ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സക്ക് വീണ്ടും തിരിച്ചടി. മൂന്ന് എം.പിമാർകൂടി സർക്കാറിന് പിന്തുണ പിൻവലിച്ചു. ശ്രീലങ്ക മുസ്ലിം കൗൺസിൽ എം.പി ഫൈസൽ കാസിം, എം.പിമാരായ ഇസ്ഹാക് റഹ്മാൻ, എം.എസ് തൗഫീഖ് എന്നിവരാണ് പുതുതായി പിന്തുണ പിൻവലിച്ചത്. പ്രതിപക്ഷമായ സമാഗി ജന ബാലവേഗയയുടെ ഭാഗമായിരുന്നു മൂന്ന് എം.പിമാരും.
2020 മുതലാണ് ഗോടബയയുടെ ഒപ്പം ചേർന്നത്. 225 അംഗ പാർലമെന്റിലെ 156 എം.പിമാരി39 പേർ ഈ മാസാദ്യം ഗോടബയക്ക് പിന്തുണ പിൻവലിച്ചിരുന്നു. പ്രതിപക്ഷമുൾപ്പെടെ ഒരു സഖ്യവുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ച അവർ സ്വതന്ത്ര എം.പിമാരായി തുടരുകയാണ്. രാജപക്സ കുടുംബം രാജിവെച്ച് എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതിനിടെ, ഗോടബയ രാജിസന്നദ്ധത അറിയിച്ചുവെന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ അവകാശവാദം സ്പീക്കർ മഹീന്ദ യപ അബെയ്വർധന തള്ളി. എല്ലാ പാർട്ടികളും ആവശ്യപ്പെട്ടാൽ ഗോടബയ രാജിവെക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകിയെന്നാണ് പ്രേമദാസ അവകാശപ്പെട്ടത്.
ഗോടബയ സർക്കാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രതിഷേധം 12 ദിവസം പിന്നിട്ടിരിക്കയാണ്.
വെടിവെപ്പിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകൻ കൊല്ലപ്പെട്ട റാംബുക്കാന നഗരത്തിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. സംഭവം അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു. നഗരത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് വെടിവെക്കുകയായിരുന്നു. ഇതിൽ 42കാരൻ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രസിഡന്റ് അന്വേഷണം പ്രഖ്യാപിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കക്ക് അടിയന്തര ധനസഹായം നൽകാൻ തയാറാണെന്ന് ലോക ബാങ്ക് അധികൃതർ വ്യക്തമാക്കി. വായ്പ നൽകുന്നത് സംബന്ധിച്ച് വാഷിങ്ടണിൽ ലോകബാങ്ക് വൈസ് പ്രസിഡന്റ് ഹർത്വിങ് സ്ചാഫറും ലങ്കൻ ധനമന്ത്രി അലി സബ്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ധനംവാങ്ങാനായി ഇന്ത്യ ശ്രീലങ്കക്ക് 500മില്യൻ ഡോളറിന്റെ സഹായം കൂടി നൽകാൻ തീരുമാനിച്ചു. ലങ്കക്ക് ഐ.എം.എഫിന്റെ സഹായം ലഭിക്കാൻ ആറുമാസമെടുക്കുന്ന സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.