തൂൽകർമ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ അതിക്രമിച്ച് കടന്ന ഇസ്രായേൽ സൈന്യം മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി. വെസ്റ്റ്ബാങ്കിലെ തൂൽകർമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ കടന്നാണ് ഇസ്രായേൽ മൂന്ന് പേരെ വധിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ സൈന്യം ക്യാമ്പിലേക്ക് അതിക്രമിച്ച് കടന്നതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 72 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
അതിനിടെ, 13 ദിവസമായി ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 3,785 ആയി. 12,000ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളാണ്. ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴിന് ശേഷം ഓരോ 15 മിനിറ്റിലും ഓരോ കുട്ടി കൊല്ലപ്പെടുന്നതായാണ് കണക്ക്.
വ്യാഴാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ബോംബാക്രമണത്തിൽ തകർന്ന വീടിനുള്ളിൽ ഏഴ് കുട്ടികളുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫായിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ അർധരാത്രിക്ക് ശേഷം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഖാൻ യൂനിസിൽ മാത്രം 11 പാർപ്പിട സമുച്ചയങ്ങൾ തകർത്തു. ഗസ്സയിലെ സ്കൂളുകളും സർവകലാശാലകളും ഓഡിറ്റോറിയങ്ങളുമെല്ലാം അഭയാർഥികളാൽ നിറഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.