ലണ്ടൻ: മൂന്നു വർഷം മുമ്പ് മ്യാന്മറിൽ സർക്കാർ സേന തീവെച്ചും ബുൾഡോസറുകൾ ഉപയോഗിച്ചും തുടച്ചുനീക്കിയ റോഹിങ്ക്യൻ ഗ്രാമങ്ങൾ യു.എൻ പുറത്തുവിട്ട ദേശീയ ഭൂപടത്തിൽനിന്നും പുറത്ത്. ലക്ഷക്കണക്കിനു പേർ അഭയാർഥികളാകുകയും ആയിരങ്ങൾ കൊല്ലപ്പെടുകയുംചെയ്ത വംശീയ ഉന്മൂലന ശ്രമത്തിനാണ് ഒടുവിൽ ഭൂപടത്തിൽ യു.എന്നിെൻറ പരോക്ഷ പിന്തുണ.
ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന് എട്ടു ലക്ഷത്തോളം റോഹിങ്ക്യകൾ താമസിച്ചുവന്ന കാൻ കിയയിൽനിന്ന് എല്ലാവരും നാടുവിടുകയോ വധിക്കപ്പെടുകയോ ചെയ്തിരുന്നു. ഇവിടെയിപ്പോൾ പകരം ഉയർന്നുനിൽക്കുന്നത് സർക്കാർ, സൈനിക കെട്ടിടങ്ങൾ, ചുറ്റും വേലി കെട്ടിയ വിശാലമായ പൊലീസ് ബാരക്കുകൾ തുടങ്ങിയവയാണ്. ഇതിെൻറ പേര് കഴിഞ്ഞ വർഷം മ്യാന്മർ സർക്കാർ ഔദ്യോഗിക ഭൂപടത്തിൽനിന്ന് നീക്കംചെയ്തിരുന്നു.
ഇതിെൻറ ചുവടുപിടിച്ചാണ് യു.എന്നും ഭൂപടത്തിൽ കാൻ കിയയെ പുറത്താക്കിയത്. കൊച്ചുഗ്രാമമായതിനാൽ ഉൾപെടുത്താനായില്ലെന്നാണ് യു.എൻ വിശദീകരണം.
കാൻ കിയക്കു സമാനമായി 400ഓളം ഗ്രാമങ്ങളാണ് 2017ൽ സൈന്യത്തെ ഉപയോഗിച്ച് മ്യാന്മർ ഭരണകൂടം തുടച്ചുനീക്കിയത്. ഇതിൽ നിരവധി ഗ്രാമങ്ങളുടെ പേരുകൾ സർക്കാർ ഭൂപടത്തിൽ മായ്ച്ചുകളഞ്ഞിരുന്നു. മ്യാന്മറിൽ നടന്നത് വംശഹത്യയാണെന്ന് യു.എൻ കണ്ടെത്തിയിരുന്നു. സർക്കാറിനെതിരെ യു.എൻ കോടതിയിൽ വിചാരണ നടക്കുകയാണ്. അതേസമയം, ഇനിയൊരിക്കലും റോഹിങ്ക്യൻ മുസ്ലിംകൾ തിരിച്ചുവരാതിരിക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ബംഗ്ലാദേശിൽ അഭയാർഥിയായിക്കഴിയുന്ന കാൻ കിയ സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു. വിഷയത്തിൽ സർക്കാർ പ്രതികരണം പുറത്തുവന്നിട്ടില്ല.
ഈവർഷം ഇതുവരെയായി യു.എൻ മൂന്ന് മ്യാന്മർ ഭൂപടങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇവയിലെല്ലാം ഈ പേരുകൾ അപ്രത്യക്ഷമായിട്ടുമുണ്ട്. 10 ലക്ഷത്തിലേറെ അഭയാർഥികളാണ് റോഹിങ്ക്യയിലെ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവരുടെ മടക്കവുമായി ബന്ധപ്പെട്ട് മ്യാന്മർ-ബംഗ്ലാദേശ് ചർച്ച പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.