നായ്പിഡാവ്: സൈന്യം പുറത്താക്കിയ ജനാധിപത്യ സർക്കാറിന്‍റെ തലപ്പത്തുണ്ടായിരുന്ന മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ വിചാരണ തിങ്കളാഴ്ച പട്ടാള കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് സൂചി നയിച്ച സർക്കാറിനെ സൈന്യം അട്ടിമറിച്ചിരുന്നത്. 11 കിലോ സ്വർണം കൈവശം വെച്ചതുമുതൽ കോളനി കാല സ്വകാര്യത നിയമത്തിന്‍റെ ലംഘനം ഉൾപെടെ നിരവധി കുറ്റങ്ങളാണ് നൊബേൽ ജേതാവായ സൂചിക്കെതിരെ സൈന്യം ചുമത്തിയിട്ടുള്ളത്. വാക്കിടോക്കികൾ ഇറക്കുമതി ചെയ്യൽ, കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം എന്നിവയും സുചിക്കെതിരായ കുറ്റങ്ങളാണ്. വീട്ടുതടങ്കലിൽ കഴിയുന്ന സൂചിയെ കാണാൻ രണ്ടു തവണ മാത്രമാണ് അഭിഭാഷകർക്ക് അവസരം നൽകിയിരുന്നത്. ജൂലൈ 26നകം വിചാരണ പൂർത്തിയാക്കും. എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും കോടതി നടപടികൾ.
കുറ്റക്കാരിയെന്ന് കോടതി വിധിച്ചാൽ 10 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
പുറത്താക്കപ്പെട്ട പ്രസിഡന്‍റ് വിൻ മിന്‍റിനൊപ്പം ചുമത്തിയ രാജ്യദ്രോഹക്കേസിൽ ജൂൺ 15ന് വേറെയും വിചാരണ ആരംഭിക്കുന്നുണ്ട്. സൂചിയുടെ കക്ഷിയായ എൻ.എൽ.ഡിയിലെ മുതിർന്ന അംഗവും പ്രതി ചേർക്കപ്പെട്ട കേസാണിത്. നിയമവിരുദ്ധമായി ആറു ലക്ഷം ഡോളർ കൈപ്പറ്റിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.
ജനാധിപത്യ സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതിനു ശേഷം പ്രതിഷേധവുമായി ജനം തെരുവിലുണ്ട്. 850 പേർ ഇതുവരെ സൈനിക വേട്ടക്കിരയായിരുന്നു.5,000 ഓളം പേർ കസ്റ്റഡിയിലുണ്ട്.
അതേ സമയം, മുമ്പും 15 വർഷം വീട്ടുതടങ്കലിലായിരുന്നു സൂചി. 2010ലാണ് മോചിതയായത്. ലോകം ആദരിച്ച നേതാവായ സൂചി പക്ഷേ, മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരെ നടന്ന വംശഹത്യയെ കുറിച്ച് പ്രതികരിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.