വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് വധശ്രമമുണ്ടായതെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ച് നിൽക്കുന്ന ഡോണാഡ് ട്രംപിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാസേനയും അദ്ദേഹത്തിന്റെ വക്താവും അറിയിച്ചു. സംഭവം ഉണ്ടായപ്പോൾ തന്നെ പെട്ടെന്ന് ഇടപ്പെട്ട സുരക്ഷാസേനയോട് ട്രംപ് നന്ദിയറിയിച്ചതായും വക്താവ് സ്റ്റീവ് ചെങ് പറഞ്ഞു.
അക്രമത്തെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ പരിപാടിയിൽ ഉണ്ടായ വെടിവെപ്പിനെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചുവെന്ന് ബൈഡൻ പറഞ്ഞു. ട്രംപ് സുരക്ഷിതാനായി ഇരിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നിരവധി തവണ അക്രമി വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ട്രംപ് സംസാരിക്കുന്നതിനിടെ വെടിവെപ്പ് ഉണ്ടാകുന്നതിന്റെയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വേദിയിൽ നിന്നും സുരക്ഷിതമായി മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.