തനിക്ക് പ്രതിരോധ ശേഷിയുണ്ട്, ബൈഡനെ പോലെ നിലവറയിൽ ഒളിച്ചിരിക്കേണ്ട കാര്യമില്ല- ട്രംപ്

വാഷിങ്ടണ്‍: കോവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് പ്രതിരോധ ശേഷി കൈവന്ന് കഴിഞ്ഞെന്നും ഇനി മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകുമെന്നുംഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാനുള്ള കഴിവ് നേടിയെന്നും ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. 'എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച് കാലത്തേക്കാവും, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്,' ട്രംപ് പറഞ്ഞു.

ട്രംപിന് വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ കോവിഡിനെതിരെ ശാസ്ത്രീയമായ മുന്‍കരുതലെടുക്കേണ്ടതിനെ പറ്റി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിരന്തരമായി വ്യക്തമാക്കിയിരുന്നു. ഇതിനെ ട്രംപ് നിശിതമായി വിമർശിച്ചു.

'ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല,'ട്രംപ് പറഞ്ഞു.

പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. താന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ട്രംപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.