വാഷിങ്ടൺ: 24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ്. ഇതുവരെയുള്ള മരണം രണ്ടര ലക്ഷത്തിലധികവും. അതായത്, ലോകത്തി: ഏറ്റവുമധികം കോവിഡ് മരണം. അമേരിക്കയിൽ കോവിഡ് അനുദിനം വ്യാപിക്കുമ്പോൾ, റോമ നഗരം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമിപ്പിക്കുകയാണ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. കൊറോണയെ നേരിടാനുള്ള മാർഗങ്ങളും സംയുക്ത ശ്രമങ്ങളും ചർച്ച ചെയ്യുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോൾഫ് കളിക്കാനാണ്.
അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണിത്. ഇതൊഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയ ട്രംപിന്റെ ചിത്രങ്ങൾ വാർത്ത എൻസികൾ പുറത്ത് വിട്ടു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയിൽ നിന്നാണ് ട്രംപ് വിട്ടുനിന്നത്.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെർച്വൽ സമ്മേളനത്തിൽ സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയുടെ തുടക്കത്തിൽ പത്ത് മിനിറ്റോളം ട്രംപ് പങ്കെടുത്തിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ട്വീറ്റുകൾ ട്രംപിൻ്റെതായുണ്ടായി. പത്ത് മണിയോടെ വൈറ്റ് ഹൗസ് വിട്ട് വാഷിങ്ടൺ ഡി.സിക്ക് പുറത്തുള്ള ഗോൾഫ് ക്ലബിലേക്ക് പോവുകയായിരുന്നു.
വെർച്വൽ സമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ഗോൾഫ് കളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
നിങ്ങളുമായെല്ലാം വീണ്ടും യോജിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് സമ്മേളനത്തിൻ്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട സമയത്ത് അദ്ദേഹം പറഞ്ഞു. ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്റാകുന്ന സാഹചര്യത്തിൽ ട്രംപ് പങ്കെടുക്കേണ്ടിയിരുന്ന അവസാന ജി20 ഉച്ചകോടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.