വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെത്യനാഹുവുമായുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കാനിരിക്കെ ഫലസ്തീൻ പ്രസിഡന്റിനോട് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് മുൻ യു.എസ് പ്രസിഡന്റും റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി കാത്തിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള കൂടുതൽ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. ജൂലൈ 13ന് ട്രംപിന് നേരെ വധശ്രമമുണ്ടായതിന് പിന്നാലെ ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അയച്ച കത്തും റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ 14ന് അയച്ച കത്തിൽ ട്രംപിന് നേരെ നടന്ന വധശ്രമത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് അബ്ബാസ് ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് പങ്കുവെച്ച് മഹമ്മൂദിന് നന്ദിയറിയിച്ച ട്രംപ് എല്ലാം ശരിയാകുമെന്നും ഫലസ്തീൻ പ്രസിഡന്റിനോട് പറഞ്ഞു.
താൻ ആദ്യം പ്രസിഡന്റായിരുന്ന സമയത്ത് മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും ഉണ്ടായിരുന്നു. നമുക്ക് അത് വീണ്ടെടുക്കണം. വരുന്ന ആഴ്ചകൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും മറ്റ് ലോകനേതാക്കളുമായും താൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തന്റെ സമാധാന പദ്ധതി അവർക്ക് മുമ്പിൽ അവതരിപ്പിക്കും.
ലോകത്ത് നടക്കുന്ന യുദ്ധങ്ങളും ഈ പോരാട്ടങ്ങളും അവസാനിപ്പിക്കണം. ലക്ഷക്കണക്കിനാളുകളാണ് ഇതിൽ മരിക്കുന്നത്. ഇത്തരം യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കമല ഹാരിസിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.