ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന സൂചനകളാണ് ട്രംപ് നൽകുന്നത്.

ഈ രാജ്യങ്ങളിൽ നിന്നും പ്രതിബദ്ധത വേണമെന്നാണ് ആവശ്യപ്പെടുന്നത്. പുതിയൊരു ബ്രിക്സ് കറൻസി ഇവർ സൃഷ്ടിക്കരുത്. ഇതിനൊപ്പം യു.എസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ 100 ശതമാനം നികുതിയൊടുക്കാൻ അവർ തയാറാകണം. പിന്നീട് അവർക്ക് യു.എസ് സമ്പദ്‍വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന സമ്മേളനത്തിൽ ഡോളറല്ലാത്ത കറൻസി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്സ് രാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം.

ബ്രിക്സ് പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സിസ്റ്റം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. യുറോപ്പിന്റെ സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ, ഇന്ത്യയുടെ യു.പി.ഐ എന്നിവക്കെല്ലാം സമാനമായിരിക്കും ബ്രിക്സ് പേ.

തുടർന്ന് റഷ്യൻ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് വരുന്നത്.

Tags:    
News Summary - Trump Threatens 100% Tariff On BRICS Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.