കാരിയോ: ചെങ്കടലിൽ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ മരിച്ചതായി ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചെങ്കടലിലെ ഹുർഗദയ്ക്ക് തെക്ക് സഹൽ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് സ്രാവിന്‍റെ ആക്രമണമുണ്ടായത്. മരിച്ചവരിൽ ഒരാൾ ഓസ്ട്രേലിൻ സ്വദേശിനിയും രണ്ടാമത്തെയാൾ റൊമാനിയൻ സ്വദേശിനിയുമാണ്.
അവധിക്കാലം ആഘോഷിക്കാനായി ഈജിപ്തിലെത്തിയ ടൈറോൽ സ്വദേശിയായ 68 കാരിയാണ് മരിച്ച ഒരാളെന്ന് ഓസ്ട്രേലിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് മേഖലയിലെ എല്ലാ ബീച്ചുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ ഈജിപ്ഷ്യൻ ഗവർണർ അമർ ഹനാഫി ഉത്തരവിട്ടു. ആക്രമണത്തിനു പിന്നിലെ ശാസ്ത്രീയ കാരണങ്ങളും സാഹചര്യവും പരിശോധിക്കാൻ ദുരന്ത സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരത്തിന് പ്രശസ്തമായ ചെങ്കടലിൽ സ്രാവുകൾ സർവസാധാരണമാണ്. എന്നാൽ അംഗീകൃത പരിധിക്കുള്ളിൽ സ്രാവുകൾ വളരെ അപൂർവമായേ മനുഷ്യരെ ആക്രമിക്കാറുള്ളൂ. 2018ലും 2015ലും ഇവിടെ സമാനസംഭവം നടന്നിരുന്നു. ഉയരുന്ന പണപ്പെരുപ്പവും കറൻസി ദൗർബല്യവും രൂക്ഷമായ ഈജിപ്ത് പ്രധാനമായും ആശ്രയിക്കുന്നത് ചെങ്കടലിൽ നിന്നുള്ള ടൂറിസം വരുമാനത്തെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.