ലണ്ടന്‍: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ) വെളിപ്പെടുത്തൽ. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു കോവിഡ് വകഭേദം 20 രാജ്യങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്‍റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ നിലപാട്.
പുതിയ കോവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെ, ഇനിയും വകഭേദങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന സൂചനയും ലോകാരോഗ്യ സംഘടന നൽകുന്നു. ബ്രിട്ടനില്‍ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബര്‍ 14 നാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അത് ഇതിനകം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷിയും മുമ്പ് രോഗബാധിതരായവർക്ക് വീണ്ടും വൈറസ് ബാധയേൽക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് സമ്പര്‍ക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ 2020 ഡിസംബര്‍ 18 ന് കണ്ടെത്തിയ 501Y.V2 വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങളില്‍ പുതിയ വകഭേദം മുമ്പുള്ളതിനെക്കാള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത് തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന സൂചനകൾ ലഭിച്ചിട്ടില്ല. അതേസമയം, രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാൻ ഇടയുണ്ട്. ആരോഗ്യ പരിപാലന സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയും.
2021 ജനുവരി ഒമ്പതിന് ബ്രസീലില്‍നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് മുതിര്‍ന്നവരിലും രണ്ട് കുട്ടികളിലുമാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് സൂചനയുണ്ട്.
പുതിയ കോവിഡ് വകഭേദങ്ങൾ സംബന്ധിച്ച ഗവേഷണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1750 ശാസ്ത്രജ്ഞരുടെ സമ്മേളനം കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന നടത്തിയിരുന്നു. 'പുതിയ കോവിഡ് വകഭേദങ്ങൾ പെട്ടന്ന് കണ്ടുപിടിക്കുന്നതും അതിന്‍റെ വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും ആഗോളതലത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. രോഗനിർണയ ശേഷി വർധിപ്പിക്കുന്നതിന്‍റെയും ആരോഗ്യ പരിപാലന സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെയും ആവശ്യകതയാണ് പുതിയ കോവിഡ് വകഭേദങ്ങളുടെ കണ്ടെത്തൽ നൽകുന്നത്'- ലോകാരോഗ്യ സംഘടനയുടെ റിസർച്ച് ആൻഡ് ഡവലപ്മെന്റ് മേധാവി അന മരിയ ഹെനാവോ റെസ്ട്രെപോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.