മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് അന്തരിച്ചു

ലണ്ടൻ: ബ്രിട്ട​ന്‍റെ മുൻ ഉപപ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ജോൺ പ്രെസ്കോട്ട് 86ാം വയസ്സിൽ അന്തരിച്ചു. പ്രെസ്‌കോട്ടി​ന്‍റെ കുടുംബം ആണ് വിയോഗ വാർത്ത പുറത്തുവിട്ടത്. മുൻ കച്ചവട നാവികനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ പ്രെസ്‌കോട്ട് ഒരു കെയർ ഹോമിൽ സമാധാനത്തോടെ മരിച്ചുവെന്ന് ഭാര്യ പോളിനും രണ്ട് ആൺമക്കളും അറിയിച്ചു.

നാലു പതിറ്റാ​​ണ്ടോളം വടക്കൻ ഇംഗ്ലണ്ടിലെ ‘ഹള്ളി’ൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് നിയമിതനായ പ്രെസ്‌കോട്ടിന് 2019ൽ പക്ഷാഘാതം സംഭവിക്കുകയും അൽഷിമേഴ്‌സ് ബാധിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂലൈയിൽ പാർലമെന്‍റി​ന്‍റെ അപ്പർ ചേംബർ അംഗത്വം അദ്ദേഹം കയ്യൊഴിഞ്ഞു.

മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന് കീഴിൽ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും അദ്ദേഹത്തോടൊപ്പം രാജ്യത്തെ ലേബർ പാർട്ടിയെ മാറ്റാൻ സഹായിക്കുകയും ചെയ്ത ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായൻമാരിലൊരാളായിരുന്നു പ്രെസ്കോട്ട്. പ്രെസ്‌കോട്ടി​ന്‍റെ മരണത്തിൽ താൻ തകർന്നതായി ബ്ലെയർ പ്രതികരിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെപ്പോലെ മറ്റാരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 1997 ലെ അന്താരാഷ്ട്ര ക്യോട്ടോ പ്രോട്ടോക്കോളിനായി ബ്രിട്ടനു വേണ്ടിയുള്ള ചർച്ചകൾക്ക് പ്രെസ്കോട്ട് നേതൃത്വം നൽകി. മുൻ യു.എസ് വൈസ് പ്രസിഡന്‍റും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ അൽ ഗോർ പ്രിയ സുഹൃത്തിന് ആദരാഞ്ജലി അർപ്പിക്കുകയും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള അദ്ദേഹത്തി​ന്‍റെ പ്രതിബദ്ധതക്ക് എന്നും കടപ്പെട്ടിരിക്കുമെന്ന് പറയുകയും ചെയ്തു. ക്യോട്ടോ പ്രോട്ടോക്കോൾ ചർച്ച ചെയ്യാൻ അദ്ദേഹം നരകതുല്യമായി പോരാടി. പതിറ്റാണ്ടുകളായി കാലാവസ്ഥാ പ്രവർത്തനങ്ങളുടെ അചഞ്ചലമായ ചാമ്പ്യനായിരുന്നുവെന്നും അൽഗോർ പ്രസ്താവനയിൽ പറഞ്ഞു. ആളുകൾക്ക് പ്രാധാന്യമുള്ള പ്രശ്‌നങ്ങളിൽ അവരുമായി ബന്ധപ്പെടാനുള്ള അന്തർലീനമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലെയറി​നു പിന്നാലെ പ്രധാനമന്ത്രിയായ ഗോർഡോൻ ബ്രൗൺ, പ്രെസ്‌കോട്ടിനെ ‘തൊഴിലാളി പ്രസ്ഥാനത്തി​ന്‍റെ ടൈറ്റൻ’ എന്നും 2010നുശേഷം ലേബർ പാർട്ടിയുടെ ആദ്യ പ്രധാനമന്ത്രിയായ കെയർ സ്റ്റാർമർ, ‘ലേബർ പ്രസ്ഥാനത്തി​ന്‍റെ യഥാർത്ഥ അതികായൻ’ എന്നും വിശേഷിപ്പിച്ചു. അധ്വാനിക്കുന്ന ജനങ്ങളുടെ ഉറച്ച സംരക്ഷകനും അഭിമാനകരമായ ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു അദ്ദേഹം. ഒരു ദശാബ്ദക്കാലത്തെ ഉപപ്രധാനമന്ത്രി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച ലേബർ ഗവൺമെന്‍റി​ന്‍റെ പ്രധാന ശിൽപികളിൽ ഒരാളായിരുന്നു പ്രെസ്കോട്ട് എന്നും കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു.

1997 ലെ പൊതു തെരഞ്ഞെടുപ്പിൽ ലേബറി​ന്‍റെ തകർപ്പൻ വിജയത്തെത്തുടർന്ന് പ്രെസ്‌കോട്ട് 10 വർഷം ബ്ലെയറി​ന്‍റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചു. നോർത്ത് വെയിൽസിലെ പ്രചാരണത്തിനിടെ തനിക്കു നേരെ മുട്ട എറിഞ്ഞ ഒരു പ്രതിഷേധകനെ അദ്ദേഹം മർദിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ,1990കളിൽ ലേബർ പാർട്ടിയുടെ പരിവർത്തനത്തിന് നേതൃത്വം നൽകിയ ബ്ലെയറിനും അദ്ദേഹത്തി​ന്‍റെ ധനമന്ത്രി ഗോർഡൻ ബ്രൗണിനും ഇടയിൽ അദ്ദേഹം മധ്യസ്ഥനായി പ്രവർത്തിച്ചത് ഭതണതലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.