ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കി(പി.എൻ.ബി)ൽനിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദി ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ നിർദേശം നൽകുന്ന യു.കെ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. അതേസമയം ഇതിനെതിരെ 28 ദിവസത്തിനുള്ളിൽ നീരവ് മോദിക്ക് യു.കെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയെ സമീപിച്ചാൽ കൈമാറ്റ നടപടികൾ വീണ്ടും നീളും.
അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്ര സർക്കാരിന്‍റെ ആവശ്യത്തിനെതിരെ നീരവ് മോദി യു.കെയിലെ കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇന്ത്യയിലേയ്ക്ക് അയച്ചാൽ തനിക്ക് നിഷ്പക്ഷമായ വിചാരണ നേരിടാൻ സാധിക്കില്ലെന്നും യുകെയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നീരവ് മോദി കോടതിയെ സമീപിച്ചത്. എന്നാൽ നീരവ് മോദിയുടെ ഹരജി തള്ളി വെസ്റ്റ്മിൻസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
കോവിഡ് 19 മഹാമാരി മൂലം നീരവ് മോദിയുടെ മാനസികാരോഗ്യം മോശമായെന്നും ഇന്ത്യയിലെ ജയിലുകളിൽ വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്നും കാണിച്ച് നീരവ് മോദിയുടെ അഭിഭാഷകര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, യു.കെ കോടതിയുടെ നിർദേശ പ്രകാരം ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങൾ തൃപ്തികരമാണെന്ന് കാട്ടി കോടതി ആ ഹരജിയും തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.