കിയവ്: കിഴക്കൻ മേഖലയിൽ അധിനിവേശം പൂർത്തിയാക്കാനൊരുങ്ങുന്ന റഷ്യയെ ഞെട്ടിച്ച് തിരിച്ചടി സജീവമാക്കിയതായി യുക്രെയ്ൻ. വ്യവസായ നഗരമായ സെവെറോഡോണെറ്റ്സ്കിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും ചില ഭാഗങ്ങളിൽ റഷ്യക്ക് തിരിച്ചടി നേരിട്ടതായും ലുഹാൻസ്ക് പ്രവിശ്യ ഗവർണർ സെർലി ഗെയ്ദായ് പറഞ്ഞു.
പോരാട്ടം കനത്തതോടെ സിവെർസ്കി ഡോണെറ്റ്സ് നദി വഴി കൂടുതൽ യുക്രെയ്ൻ സൈനികർ എത്തുന്നത് തടയാൻ പാലങ്ങൾ തകർക്കുന്നതടക്കം നടപടികൾ റഷ്യ സ്വീകരിക്കുകയാണെന്നും ആരോപണമുണ്ട്.
സെവെറോഡോണെറ്റ്സ്ക് പിടിച്ച് ലുഹാൻസ്ക് മേഖല മൊത്തമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ പട്ടണത്തിലേറെയും റഷ്യൻ പിടിയിലായിരുന്നു. ഇതാണ് യുക്രെയ്ൻ തിരിച്ചുപിടിച്ചു തുടങ്ങുന്നത്. പട്ടണത്തിന്റെ അഞ്ചിലൊന്നും വീണ്ടെടുത്തു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. ഇവിടെ ഇരു സൈനിക നിരകളിലും കനത്ത ആൾനാശം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പ്രവിശ്യകളിൽ നിയന്ത്രണം പൂർണമായാൽ കിഴക്കൻ യുക്രെയ്ൻ റഷ്യയുടെ അധീനതയിലാകും. ഇതിനാണ് തിരക്കിട്ട സൈനിക നടപടി തുടരുന്നത്.
റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവ നിലയത്തിലെ വസ്തുവകകൾ കടത്തിയതായി യുക്രെയ്ൻ. നിലയത്തിനകത്തെ 1,000 ലേറെ കമ്പ്യൂട്ടറുകൾ, ട്രക്കുകൾ, ആണവ വിഗിരണ തോത് അളക്കാനുപയോഗിക്കുന്ന ഡോസിമീറ്ററുകൾ എന്നിവ മോഷ്ടിക്കപ്പെട്ടവയിൽ പെടും.
ആണവ ഉപകരണങ്ങൾക്ക് കേടുവരുത്തിയിട്ടില്ല. കോടികളുടെ നഷ്ടമാണ് നിലയത്തിൽ മാത്രം റഷ്യൻ അധിനിവേശം വരുത്തിയതെന്ന് ചെർണോബിൽ ഡയറക്ടർ വിറ്റാലി മെദ്‍വേദ് പറഞ്ഞു. ബെലറൂസ് അതിർത്തിയിലാണ് ഡീകമീഷൻ ചെയ്ത ചെർണോബിൽ നിലയമുള്ളത്. അഞ്ചാഴ്ച നിയന്ത്രണത്തിൽവെച്ച ശേഷം മാർച്ച് 31ന് റഷ്യൻ സൈനികർ പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.