കിയവ്: യുക്രെയ്ൻ അധിനിവേശത്തിന് റഷ്യൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന മുന്നറിയിപ്പുമായി യു.എസും യു.കെയും എത്തിയതോടെ മേഖലയിൽ യുദ്ധഭീതി കനത്തു. റഷ്യൻ അനുകൂല വിമതസേനക്ക് മേൽക്കൈയുള്ള കിഴക്കൻ യുക്രെയ്നിൽ ഷെല്ലാക്രമണം ശക്തിപ്രാപിച്ചതും ബെലറൂസ് അതിർത്തിയിൽ റഷ്യ സൈനികാഭ്യാസം തുടരുന്നതുമാണ് അധിനിവേശവും നാറ്റോ പ്രത്യാക്രമണവും ആസന്നമാണെന്ന സൂചന നൽകുന്നത്. 1945നു ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. റഷ്യൻ അധിനിവേശം ആസന്നമാണെന്നും തലസ്ഥാനമായ കിയവ് കീഴടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.
യുക്രെയ്നെ വളഞ്ഞ് ഒന്നര ലക്ഷത്തിലേറെ റഷ്യൻ സൈനികരെ ഇതിനകം വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവർക്കു കരുത്തായി യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും സജ്ജമാണ്. കരിങ്കടലിൽ നാവികാഭ്യാസം തുടരുന്ന റഷ്യ ശനിയാഴ്ച അയൽരാജ്യമായ ബെലറൂസിൽ ആണവായുധ മോക് ഡ്രില്ലും നടത്തി. കിഴക്കൻ യുക്രെയ്നിൽ ആയിരങ്ങൾ നാടുവിടുന്നതും തുടരുകയാണ്. ബെലറൂസ് അതിർത്തിയിൽ റഷ്യൻ സൈനികാഭ്യാസം തുടരുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഇവിടെ മാത്രം 30,000 ലേറെ റഷ്യൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റു നഗരങ്ങളിലും ഏതുനിമിഷവും റഷ്യൻ സേന ഇറങ്ങാൻ സാധ്യത കണക്കിലെടുത്ത് ഡച്ച് എംബസിയും ഒഴിപ്പിച്ചു. യു.എസ്, യു.കെ, ന്യൂസിലൻഡ്, ആസ്ട്രേലിയ ഉൾപ്പെടെ രാജ്യങ്ങൾ നേരത്തേ ഒഴിപ്പിച്ചിരുന്നു.
പൗരന്മാരോട് രാജ്യം വിടാൻ നെതർലൻഡ്സ്, ജർമനി, ഓസ്ട്രിയ രാജ്യങ്ങളും നിർദേശം നൽകി. ലുഫ്താൻസ വിമാനങ്ങൾ യുക്രെയ്ൻ നഗരങ്ങളിലേക്ക് സർവിസ് നിർത്തി. കിയവിലെ നാറ്റോ ലെയ്സൺ ഓഫിസിലെ ജീവനക്കാരെയും മാറ്റിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ബൈഡൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചു. മധ്യസ്ഥ ചർച്ചകൾ ഇനിയും തുടരുമെന്ന് നാറ്റോയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.