കലാഷ്നിക്കോവ് കൈയിലെടുക്കുന്നത് പ്രതീക്ഷയാണെന്ന് യുക്രെയിൻ എം.പിയും യുക്രെയിൻ വോയിസ് പാർട്ടി നേതാവുമായ കീ റ റുദിക്. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ സ്വയം പര്യാപ്തമാകണമെന്ന യുക്രെയിൻ ജനതയുടെ ആശയത്തിലെ മുഖ്യ വ്യക്തികളിൽ ഒരാൾ കൂടിയാണ് കീ റ. എ.കെ 47-ുമായി നിൽക്കുന്ന ചിത്രം കീ റ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആദ്യമായാണ് കലോഷ്നിക്കോവ് ഉപയോഗിക്കാനും, ആയുധം കയ്യിലെടുക്കാനും പഠിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നും, സ്വന്തം രാജ്യത്തെ രക്ഷിക്കാൻ പുരുഷന്മാർ പോരാടുന്നത് പോലെ സ്ത്രീകളും പോരാടുമെന്നും കീ റ ട്വിറ്ററിൽ കുറിച്ചു.
യുദ്ധം ആരംഭിച്ചപ്പോൾ അമർഷം തോന്നി. ഇപ്പോഴും തോന്നുന്നുണ്ട്. അയൽരാജ്യമായ റഷ്യക്ക് എങ്ങനെയാണ് യുക്രെയ്നിന്‍റെ നിലനിൽപ്പിനെ ചോദ്യം ചെയ്യാനാവുക എന്ന് വ്യക്തമാകുന്നില്ല. നാട് വിട്ട് പോകണം എന്ന സ്വേച്ഛാധിപതിയുടെ വാദം വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും പ്രയാസകരമാണെന്നും കീ റ പറഞ്ഞു. കിയേവിൽ തന്നെ താമസിക്കണം എന്നാണ് ആഗ്രഹം. പിറന്ന മണ്ണിൽ ജീവിക്കാൻ റഷ്യക്കെതിരെ പൊരുതുന്നതിന് വേണ്ടി ജനങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ തുടരുക തന്നെ ചെയ്യും. യുക്രെയിൻ സ്വതന്ത്രമായ ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ പരമാധികാരം നിലനിർത്താൻ പോരാടുമെന്നും കീ റ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കീ റയുടെ വെളിപ്പെടുത്തൽ.
യുക്രെയിനിലെ സ്ഥിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വീട്ടിലെ കോവണിപ്പടികൾക്ക് താഴെയുള്ള ചുവരലമാരയെ ഒളിത്താവളമാക്കി മാറ്റിയിരിക്കുകയാണ്. എപ്പോഴെങ്കിലും സൈറണുകൾ മുഴങ്ങുകയോ, വെടിയൊച്ചകൾ ഉയരുകയോ ചെയ്താൽ മക്കളോടൊപ്പം അലമാരക്കുള്ളിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നതെന്നും കീ റ റുദിക് പറഞ്ഞു.
പഴയ ജീവിതത്തിലേക്ക് തിരിച്ചുപോക്ക് ഉടൻ സാധ്യമല്ലെങ്കിലും രാജ്യത്തിന് വേണ്ടി പോരാടുമെന്ന് കീ റ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനം നേടുകയാണ്. യുക്രെയിൻ ജനതയുടെ സൈന്യത്തോടുള്ള പ്രതിരോധം ഒരിക്കലും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ വിചാരിച്ചിട്ടുണ്ടാകില്ല. പുടിൻ സൈന്യത്തെ തിരിച്ചുവിളിക്കുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. യുക്രെയിനിന് പഴയ ജീവിതത്തിലേക്ക് തിരികെ പോകേണ്ടതുണ്ട്. സൈറൺ ശബ്ദം മുഴങ്ങുമ്പോൾ കുട്ടികളോട് സുരക്ഷിത സ്ഥാനങ്ങളിൽ ഒളിക്കാൻ പറയുന്നത് സ്വപ്നമാണെന്ന് നടിക്കാൻ യുക്രെയിൻ ജനത ഇപ്പോഴും തയ്യാറാണ്. യുദ്ധം അവസാനിപ്പിച്ച് യുക്രെയിനിന് സമാധാനത്തോടെയുള്ള ജീവിതത്തിലേക്ക് തിരികെ പോകാനുള്ള അനുവാദം മാത്രമാണ് ജനം ആവശ്യപ്പെടുന്നതെന്നും കീ റ കൂട്ടിച്ചേർത്തു. സൈന്യത്തെ തിരിച്ചുവിളിക്കാനും, യുദ്ധം അവസാനിപ്പിക്കാനും പുടിൻ തയ്യാറാകാത്ത പക്ഷം യുക്രെയിനിന്‍റെ ഓരോ തരി മണ്ണിനായും പോരാടും. അതിനായി യുക്രെയിനിലെ ജനത പൂർണ്ണ സജ്ജമാണെന്നും കീ റ പറഞ്ഞു.
യുദ്ധ ഭീഷണിയിലും, മറ്റ് ഇതര ആവശ്യങ്ങൾക്കായും രാജ്യം വിട്ടുപോയ ജനങ്ങൾ ഇപ്പോൾ യുക്രെയിനിലേക്ക് തിരികെ വരുന്ന കാഴ്ച കാണാനാകും. ജനിച്ചു വളർന്ന മണ്ണിനെ സംരക്ഷിക്കാൻ പൂർണ്ണ സജ്ജമായാണ് ഇവർ തിരിച്ചെത്തുന്നത്. ശക്തമായി പ്രതിരോധിക്കാൻ തയ്യാറായ ജനത്തിനിടയിൽ നിന്നും രാജ്യത്തെ കീഴ്പ്പെടുത്താൻ ഒരിക്കലും പുടിന്‍റെ സൈന്യത്തിന് സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയിനിലെ ഒരോ പൗരനും പ്രായഭേദമന്യേ പോരാടാൻ തയ്യാറായിക്കഴിഞ്ഞു. സ്വന്തം രാജ്യത്ത് സമാധാനപരമായ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ജനതയായിരുന്നു യുക്രെയിനിലേത്. സമാധാനപരമായ ജീവിതത്തിലേക്ക് വില്ലനായി റഷ്യ കടന്നതോടെയാണ് ആയുധധാരികളായി യുക്രെയിൻ ജനത മാറിയത്. രാജ്യം പോരാടുന്നത് ആരിൽ നിന്നും ഒന്നും കവർന്നെടുക്കാനല്ല. മറിച്ച് തങ്ങളുടെ വിശ്വാസങ്ങളേയും രാജ്യത്തേയും തിരികെ പിടിക്കാനാണെന്നും കീ റ പറഞ്ഞു. റഷ്യയോട് എന്ത് സന്ദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കീ റ. യുദ്ധം അവസാനിക്കുകയും കൈയിൽ കരുതിയ തോക്ക് തിരികെ വെക്കാനും ദൈവത്തോട് നന്ദി പറയാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കീ റ കൂട്ടിച്ചേർത്തു.
സൈനിക അധിനിവേശ ആഹ്വാനത്തിന് പിന്നാലെ കിയവ് റഷ്യൻ സൈന്യം വളഞ്ഞു. യുക്രെയിൻ നേതാക്കളോടൊപ്പം കിയേവിൽ തുടരുമെന്നും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുമെന്നും യുക്രെയിൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ വെളിപെടുത്തൽ. റഷ്യൻ സൈന്യത്തിനെതിരെ പോരാടണമെന്നും ആയുധമെടുക്കണമെന്നും സെലെൻസ്കി ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.