റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന് യുക്രെയ്ൻ


കിയവ്: കരിങ്കടലിലെ ശക്തമായ റഷ്യൻ നാവിക സേനക്കെതിരെ തുടരുന്ന ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർത്തതായി യുക്രെയ്ൻ സൈന്യം. റഷ്യൻ നിയന്ത്രിത ക്രിമിയയിൽ ആലുപ്കയോടു ചേർന്ന കടലിലാണ് കൂറ്റൻ കപ്പലായ സീസർ കുനികോവ് ഡ്രോൺ ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ പറ്റി മുങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി റഷ്യൻ സൈനിക ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിച്ച യുദ്ധക്കപ്പലാണിത്. ആക്രമണത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. ഈ മാസം റഷ്യയുടെ രണ്ടാം യുദ്ധക്കപ്പലാണ് യുക്രെയ്ൻ ആക്രമണത്തിനിരയാകുന്നത്. ഫെബ്രുവരി ഒന്നിന് രാത്രി ഡ്രോൺ പതിച്ച് ഇവാനോവെറ്റ്സ് എന്ന കപ്പൽ മുങ്ങിയിരുന്നു.

87 നാവികരുമായി റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. റഷ്യയുടെ കരിങ്കടൽ സേനാവ്യൂഹത്തിന്റെ 20 ശതമാനവും തകർത്തുകളഞ്ഞതായും 25 കപ്പലുകൾ ഇതുവരെ നശിപ്പിച്ചിട്ടുണ്ടെന്നും യുക്രെയ്ൻ പറയുന്നു.

അതിനിടെ, യുക്രെയ്നിൽ വെടിനിർത്തലിന് റഷ്യ സമ്മതിച്ചെന്ന വാർത്ത നിഷേധിച്ച് ക്രെംലിൻ. ഇടനിലക്കാരിലൂടെ യു.എസ് വഴി യുക്രെയ്നിൽ വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, വാർത്ത ശരിയല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

അതിനിടെ, റഷ്യക്ക് ആയുധങ്ങൾ ലഭിക്കുന്നത് ഇല്ലാതാക്കാൻ ചൈനയിലെ കമ്പനികൾക്കുമേൽ ഉപരോധനീക്കവുമായി യൂറോപ്യൻ യൂനിയൻ രംഗത്തെത്തി.

പുറംരാജ്യങ്ങളിൽനിന്ന് ആയുധമെത്തിക്കാൻ സഹായിക്കുന്നുവെന്ന് ആരോപണമുനയിലുള്ള ചൈനയിലെ മൂന്നും ഹോങ്കോങ്ങിലെ നാലും ഇന്ത്യയിലെ ഒന്നും കമ്പനികളാകും ഉപരോധത്തിൽ കുരുങ്ങുക. 

Tags:    
News Summary - Ukraine says it destroyed Russian landing warship in Black Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.