സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ സ്നേക് ദ്വീപിൽ ഫോസ്ഫറസ് ബോംബിട്ട് റഷ്യ

കിയവ്: കഴിഞ്ഞ ദിവസം സൈന്യത്തെ പിൻവലിച്ച സ്നേക് ദ്വീപിൽ റഷ്യ ഫോസ്ഫറസ് ബോംബിട്ടതായി യുക്രെയ്ൻ സേന. ക്രിമിയർ ഉപദ്വീപിൽനിന്നെത്തിയ സു-30 ബോംബർ വിമാനങ്ങളാണ് രണ്ടു തവണയായി മാരക പ്രഹരശേഷിയുള്ള ബോംബുകൾ വർഷിച്ചത്. കരിങ്കടൽ തീരത്തെ ദ്വീപിൽനിന്ന് രാത്രിയിലാണ് ദിവസങ്ങൾക്ക് മുമ്പ് സേനയെ റഷ്യ പിൻവലിച്ചിരുന്നത്.

ഒഡേസ വഴി ചരക്കുകടത്തിന് സൗകര്യമൊരുക്കാനാണ് പിന്മാറ്റമെന്നായിരുന്നു റഷ്യൻ വിശദീകരണം. എന്നാൽ, കടുത്ത ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ റഷ്യൻ സേന ഒളിച്ചോടിയെന്ന് യുക്രെയ്നും ആരോപിച്ചു. പിന്മാറ്റം പൂർത്തിയായതിനു പിറകെയാണ് ആക്രമണം. രാജ്യാന്തര നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ് അപകടകാരിയായ ഫോസ്ഫറസ് ബോംബുകൾ. മുമ്പും യുക്രെയ്നിൽ റഷ്യ ഈ ബോംബുകൾ വർഷിച്ചതായി ആരോപണമുയർന്നിരുന്നു.

അതിനിടെ, മറ്റൊരു സംഭവത്തിൽ ഡോൺബാസ് മേഖലയിലെ അഞ്ച് യുക്രെയ്ൻ സൈനിക പോസ്റ്റുകൾ റഷ്യ തകർത്തു. തുടർച്ചയായ ആക്രമണങ്ങളിലാണ് കനത്ത നാശമേൽപിച്ചത്. കിഴക്കൻ മേഖലയിൽ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള ഏക പട്ടണമായ ലിസിചാൻസ്കും കീഴടങ്ങലിനരികെയാണ്. പട്ടണം വളഞ്ഞതായി റഷ്യൻ അനുകൂല വിമതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം യുക്രെയ്ൻ നഗരമായ മിഖൊലേവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 21 സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. ഒഡേസക്കു സമീപം കരിങ്കടൽ തീരത്തെ താമസ കെട്ടിടത്തിലാണ് വെള്ളിയാഴ്ച രാത്രി റഷ്യൻ ബോംബറുകൾ തീ വർഷിച്ചത്. താമസക്കാർ ഉറങ്ങുന്ന സമയത്തായതിനാൽ രക്ഷപ്പെടാനായില്ല. ആക്രമണം റഷ്യൻ ഭരണകൂട ഭീകരതയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കുറ്റപ്പെടുത്തി.

Tags:    
News Summary - Ukraine says Russia dropped phosphorus bombs on Snake Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.