ജൂലാൻ കുന്നി​ലെ ആക്രമണത്തിന് ഹിസ്ബുല്ല കനത്ത വില നൽകേണ്ടി വരും -മുന്നറിയിപ്പുമായി നെതന്യാഹു

തെൽഅവീവ്: ശനിയാഴ്ച ജൂലാൻ കുന്നുകൾക്കു നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. അധിനിവിഷ്ട ജൂലാൻ കുന്നുകളിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഹിസ്ബുല്ല കനത്ത വില നൽകേണ്ടി വരും എന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനു പിന്നാലെ യു.എസ് പര്യടനം വെട്ടിച്ചുരുക്കി നെതന്യാഹു ഇസ്രായേലിലേക്ക്​ മടങ്ങി. ഇന്ന്​ ഉച്ചതിരിഞ്ഞ്​ ചേരുന്ന സുപ്രധാന സുരക്ഷാ യോഗം ഹിസ്​ബുല്ലക്കും ലെബനാനും നേരെ സ്വീകരിക്കേണ്ട സൈനിക നടപടി ചർച്ച ചെയ്യും.

ഹിസ്ബുല്ല​ക്ക് ശക്തമായ തിരിച്ചടി നൽകാനുള്ള തയാറെടുപ്പിലാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ആക്രമണം ഹിസ്ബുല്ലയുടെ യഥാർഥ മുഖം തുറന്നുകാട്ടുന്നതാണ്. ശനിയാഴ്ച രാവിലെ മൈതാനത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കൊന്നുകളഞ്ഞത്. എന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്. ജൂലാൻ കുന്നിലെ മജ്ദ് അൽ ഷംസിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 20ലേറെ ആളുകൾക്ക് പരിക്കുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ പൗരൻമാർക്കു നേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിതെന്നും ഇസ്രായേൽ പ്രതികരിച്ചു.

'​'ലോകമെമ്പാടുമുള്ള അത് ലറ്റുകൾ പാരീസിൽ മത്സരിക്കുമ്പോൾ, ഇസ്രായേലിന്റെ ഭാവി വാഗ്ദാനമായ കുരുന്ന് അത്‍ലറ്റുകയൊണ് ഹിസ്ബുല്ല കൊന്നൊടുക്കിയത്. മൈതാനത്ത് സന്തോഷത്തോടെ കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ​കുട്ടികളെയാണ് ഹിസ്ബുല്ല ഇല്ലാതാക്കിയത്.​''-ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.

അതേസമയം, ആക്രമണവുമായി യാ​തൊരു ബന്ധവുമില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. തെക്കൻ ലബനാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ നാല് ഹിസ്ബ് പോരാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് ഹിസ്ബുല്ല ജൂലാൻ കുന്നുകളിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. ഏറ്റവും കടുത്ത തിരിച്ചടി തന്നെയാകും ഹിസ്​ബുല്ലക്ക്​ നൽകുകയെന്ന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറും സൈനിക മേധാവികളും മുന്നറിയിപ്പ്​ നൽകി.

ആക്രമണത്തെ അപലപിച്ച അമേരിക്കയും യൂറോപ്യൻ യൂനിയനും വ്യാപക യുദ്ധത്തിലേക്ക്​ നീങ്ങരുതെന്ന്​ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. താൻ പ്രസിഡൻറായിരുന്നെങ്കിൽ ഇത്തരമൊരു ആക്രമണം ഇ​സ്രായേലിനു നേർക്ക്​ ഹിസ്​ബുല്ല നടത്തുമായിരുന്നില്ലെന്ന്​ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ്​ ട്രംപ്​ പ്രതികരിച്ചു. 

Tags:    
News Summary - Benjamin Netanyahu warns Hezbollah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.