മോസ്കോ: റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ നഗരമായ സുമിയിൽ തീപിടിത്തം. റഷ്യയുടെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേനയുടെ കടന്നുകയറ്റം തുടരുന്നതിനിടെയാണ് മിസൈൽ ആക്രമണം.
രണ്ട് പേർക്ക് പരിക്കേൽക്കുകയും കാറുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തതായി യുക്രെയ്ൻ എമർജൻസി സേവന വിഭാഗം അറിയിച്ചു. തലസ്ഥാനമായ കിയവിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ റഷ്യയുടെ 14 ഡ്രോണുകൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമ സേന പറഞ്ഞു. യുക്രെയ്ൻ ലക്ഷ്യമിട്ട് ഹ്രസ്വദൂര ഇസ്കന്ദർ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു.
അതേസമയം, കുർസ്ക് മേഖലയിൽ റഷ്യൻ സേനക്കെതിരെ യുക്രെയ്ന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഗ്ലൂഷ്‌കോവ്‌സ്‌കി ജില്ലയിൽ സെയിം നദിക്ക് കുറുകെയുള്ള റഷ്യയുടെ തന്ത്രപ്രധാനമായ പാലം യുക്രെയ്ൻ തകർത്തിരുന്നു.
യു.എസ് നിർമിത ഹിമാർസ് റോക്കറ്റുകളുപയോഗിച്ചായിരുന്നു ആക്രമണം. പാലങ്ങൾ തകർക്കുന്നത് സാധനങ്ങൾ എത്തിക്കുന്നതിന് തടസ്സമാകുമെങ്കിലും സേന ഒറ്റപ്പെടില്ലെന്ന് റഷ്യൻ സൈനിക വ്ലോഗർമാർ പറഞ്ഞു. 10,000 ത്തോളം യുക്രെയ്ൻ സൈനികർ കുർസ്ക് മേഖലയിലുണ്ടെന്നാണ് പാശ്ചാത്യൻ സൈനിക വിദഗ്ധർ നൽകുന്ന സൂചന.
യുക്രെയ്ൻ സേന മേഖലയിൽ കടന്നതോടെ 1.20 ലക്ഷം പൗരന്മാരെ റഷ്യ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നിരവധി റഷ്യൻ സൈനികരെ യുക്രെയ്ൻ പിടികൂടുകയും ചെയ്തിട്ടുണ്ട്. റഷ്യയിലെ സുഡ്ജ പട്ടണം പിടിച്ചടക്കിയ യുക്രെയ്ൻ സേന കെട്ടിടങ്ങൾക്കും മറ്റും കനത്ത നാശനഷ്ടംവരുത്തിയാണ് മുന്നേറുന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി ലേഖകൻ റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽനിന്ന് റഷ്യയുടെ ഉൾഭാഗത്തേക്ക് 10 കിലോമീറ്റർ അകലെയാണ് സുഡ്ജ. കഴിഞ്ഞ രണ്ടര വർഷമായി തുടരുന്ന യുദ്ധത്തിൽ റഷ്യക്ക് നഷ്ടമാകുന്ന ഏറ്റവും വലിയ പട്ടണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.