വൊളോദിമിർ സെലൻസ്കി

ആയുധവിതരണം വേഗത്തിലാക്കണമെന്ന് സെലൻസ്കി; കിഴക്കൻ നഗരങ്ങളിൽ ആക്രമണം രൂക്ഷം

കിയവ്: കിഴക്കൻ നഗരമായ സെവെറോഡൊനെറ്റ്‌സ്‌കിനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കിയതിന് പിന്നാലെ ആയുധവിതരണം വേഗത്തിലാക്കണമെന്ന് പാശ്ചാത്യ സഖ്യകക്ഷികളോട് യുക്രെയ്‍ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ അഭ്യർഥന. പ്രദേശത്തെ വ്യാവസായിക കേന്ദ്രത്തിലേക്കുള്ള അവസാനത്തെ പാലവും റഷ്യൻ സേന തകർത്തതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.

ഭയപ്പെടുത്തുന്ന അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ ആയുധങ്ങൾ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലുഹാൻസ്കിലെ കിഴക്കൻ ഡോൺബാസ് മേഖലയിലെ അവസാന പ്രദേശങ്ങളായ സെവെറോഡോനെറ്റ്സ്ക്, ലിസിചാൻസ്ക് എന്നീ നഗരങ്ങൾ ഇപ്പോഴും യുക്രെയ്ൻ നിയന്ത്രണത്തിലാണ്.

തങ്ങളുടെ എതിരാളികൾക്ക് സമാനമായി കൂടുതൽ ആയുധങ്ങൾ ലഭിക്കുകയാണെങ്കിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന് സെലൻസ്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ സൈന്യത്തിന് കനത്ത ആയുധങ്ങൾ ആവശ്യമാണെന്ന് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മിഖൈലോ പോഡോലിയാക് പറഞ്ഞു.

ആഴ്‌ചകൾ നീണ്ട റഷ്യൻ ആക്രമണത്തിനൊടുവിൽ സെവെറോഡോനെറ്റ്‌സ്‌കിന്റെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യുക്രെയ്ൻ സൈന്യത്തെ റഷ്യ പുറത്താക്കിയതായി റീജിയണൽ ഗവർണർ സെർജി ഗെയ്‌ഡേ പറഞ്ഞു. അവർ പ്രദേശത്തെ എല്ലാ പാലങ്ങളും നശിപ്പിച്ചു. നഗരത്തിൽ പ്രവേശിക്കുവാനോ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതോ ഇനി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ 100 സൈനികർക്കാണ് ദിനംപ്രതി ജീവൻ നഷ്ടപ്പെടുന്നതെന്നും 500 പേർക്ക് പരിക്കേൽക്കുന്നുമുണ്ടെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Ukraine's Zelenski Pleads For Arms As Russia Lays Siege To Severodonetsk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.