മരണം വരെ പോരാടാൻ യുക്രെയ്ൻ ജനത; തോക്കുമേന്തി സാധാരണക്കാർ

കിയവ്: റഷ്യൻ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ യുക്രെയ്നിലെ സാധാരണക്കാരും യുദ്ധരംഗത്തേക്ക് കടന്നുവരുന്നു. രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 18നും 60നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടരുതെന്നും നിർദേശിച്ചിരുന്നു.

റഷ്യൻ സേനയെ നേരിടാൻ നിരവധി പേരാണ് തോക്കുമേന്തി യുദ്ധത്തിൽ അണിചേരുന്നത്. ഇതിൽ പലരും ആദ്യമായിട്ടാണ് തോക്ക് കൈയിലേന്തുന്നത്. ഇക്കൂട്ടത്തിലുള്ള ഒരാളാണ് യുക്രേനിയൻ ചരിത്രകാരനായ യൂറി കോർചെംനി. റഷ്യൻ അധിനിവേശത്തിന്റെ രണ്ടാം ദിവസം ട്രക്കുകളിൽനിന്ന് തോക്കുകൾ പെട്ടികളിലാക്കി സന്നദ്ധ പ്രതിരോധ യൂനിറ്റുകൾക്ക് നൽകുകയായിരുന്നു. ഇവരുടെ കൂടെ ചേർന്ന് കോർചെംനിയും കലാഷ്‌നിക്കോവ് സ്വന്തമാക്കി. 'അവർ റൈഫിളുകൾ നൽകി, ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും' -35ാകാരൻ പുഞ്ചിരിയോടെ പറഞ്ഞു. 'എനിക്ക് സിംഗിൾ റൗണ്ട് ഷൂട്ട് ചെയ്യാൻ മാത്രമേ അറിയൂ. അതിനാൽ ഇത് ഇവിടെ ക്ലിക്കുചെയ്‌ത് ഓട്ടോമാറ്റിക് മോഡ് സ്വിച്ച് ഓഫ് ചെയ്യാനാണ് എന്റെ പദ്ധതി' -ആയുധത്തിൽ തലോടിക്കൊണ്ട് കോർചെംനി പറഞ്ഞു.

ഇവർ കിയവ് ബ്രിഡ്ജ് അണ്ടർപാസി​ലൂടെ മറ്റുള്ളവരോടൊപ്പം പ്രസിഡന്റിന്റെ ഭരണ സമുച്ചയത്തിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. ഈ റോഡിന്റെ മറുവശത്തുള്ള കെട്ടിടങ്ങളിൽ സന്നദ്ധ പ്രതിരോധ പ്രവർത്തകർ റഷ്യൻ സേനയെ നേരിട്ടിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ മൃതദേഹം ആംബുലൻസ് ജീവനക്കാർ കൊണ്ടുപോയി. കവചിത വാഹനത്തിൽ നിന്ന് റഷ്യക്കാർ തൊടുത്ത വെടിയുണ്ട സിവിലിയനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.


കിയവ് കീഴടക്കാൻ പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നത്. സൈറണുകളുടെ മുഴക്കവും വെടിവെപ്പിന്റെ ശബ്ദദവും മാത്രമാണ് കിയവിൽ ഇപ്പോൾ ഉയരുന്നത്.

അതിനിടെ രാജ്യം വിടില്ലെന്നും അവസാനം വരെ പോരാടുമെന്നും പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി. രാജ്യത്തിന് പുറത്ത് എത്തിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം സെലൻസ്കി നിരസിച്ചതായും റിപ്പോർട്ടുണ്ട്.

റഷ്യൻ വിമാനം കൊനോടോപ്പിന് മുകളിലൂടെ പറന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ശക്തമായ രണ്ട് സ്ഫോടനങ്ങളും ഉണ്ടായി. യുക്രെയ്നിന്റെ 101-ാമത്തെ ബ്രിഗേഡ് റഷ്യൻ സൈന്യത്തിന്റെ ഒരു നിരയെ തകർത്തു. രണ്ട് കാറുകളും ടാങ്കുകളുള്ള രണ്ട് ട്രക്കുകളും മറ്റൊരു ടാങ്കും കിയവിന്റെ വലത് കരയിലുള്ള ബെറെസ്റ്റീസ്ക സ്റ്റേഷന് സമീപം തകർത്തതായി യുക്രെയ്ൻ സായുധ സേന റിപ്പോർട്ട് ചെയ്യുന്നു.

കരിങ്കടലിൽ റഷ്യൻ ഡ്രോൺ യുക്രെയ്ൻ തകർത്തു. സായുധ കപ്പലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ യുക്രെയ്ൻ സൈന്യം ഒഡേസ ഒബ്ലാസ്റ്റിലെ ചോർനോമോർസ്കിന് സമീപം വെടിവെച്ചിടുകയായിരുന്നു. കാർകീവിൽ സ്ഫോടന പരമ്പരയുണ്ടായി. എയർപോർട്ടിലടക്കം വെടിവെപ്പ് നടന്നു.


കരയിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനിൽക്കുന്നതിനാൽ റഷ്യൻ വ്യോമാക്രമണം ശക്തമാക്കാനുള്ള പുറ​പ്പാടിലാണ്. കാർകീവ്, ഒഡേസ അടക്കമുള്ള ആറ് യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അഭയകേന്ദ്രങ്ങളിൽ ഒളിക്കാൻ നിർദേശം നൽകി. 

2022-02-26 11:16 IST

3500 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ സേന അവകാശപ്പെട്ടു.

Tags:    
News Summary - Ukrainian people to fight till the death; Ordinary people with guns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.