ധാക്ക: ബംഗാൾ ഉൾക്കടലിലെ ഭാസൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ച റോഹിങ്ക്യൻ അഭയാർഥികളുടെ സുരക്ഷ, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച് െഎക്യരാഷ്ട്രസഭയും ബംഗ്ലാദേശ് സർക്കാറും പരസ്പര ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ധാരണപ്രകാരം റോഹിങ്ക്യൻ അഭയാർഥികളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ഉപജീവന മാർഗം, ആരോഗ്യം എന്നീ കാര്യങ്ങളിൽ ഇരുകൂട്ടരും സഹകരിച്ച് പ്രവർത്തിക്കും. ഭാവിയിൽ മ്യാന്മറിലേക്ക് മടങ്ങുംവരെ മെച്ചപ്പെട്ട ജീവിത സാഹചര്യം അഭയാർഥികൾക്ക് ഒരുക്കുകയാണ് ധാരണപത്രം വഴി ലക്ഷ്യമിടുന്നതെന്ന് യു.എൻ അഭയാർഥി കമീഷൻ പ്രതിനിധി ജൊഹന്നസ് വാൻ ഡെർ ക്ലാവ് പറഞ്ഞു.
ബംഗ്ലാദേശിെൻറ മ്യാന്മർ അതിർത്തിയിലെ അഭയാർഥി ക്യാമ്പിലുള്ള 11 ലക്ഷം റോഹിങ്ക്യകളിൽ 19,000ത്തിലേറെ പേരെ ഭാസൻ ചാർ ദ്വീപിലേക്ക് ഇതിനകം സർക്കാർ മാറ്റിയിട്ടുണ്ട്. ഇവർക്ക് സഹായം ചെയ്യാനുദ്ദേശിച്ചാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന് യു.എൻ പ്രതിനിധി അറിയിച്ചു. കോക്സ് ബസാർ അഭയാർഥി ക്യാമ്പിലെ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിരുന്നു.
ചതുപ്പുനിലം നിറഞ്ഞ, 30 വർഷം മാത്രം പഴക്കമുള്ള ദ്വീപ് വാസയോഗ്യമല്ലെന്നും അഭയാർഥികളെ മാറ്റരുതെന്നും ആവശ്യപ്പെട്ട് നേരത്തേ യു.എന്നും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇൗ നിലപാടിൽനിന്ന് പൂർണമായി മാറിയതോടെയാണ് യു.എൻ ധാരണപത്രത്തിൽ ഒപ്പിട്ടത്. 11.2 കോടി യു.എസ് ഡോളറിെൻറ വികസനപ്രവർത്തനം നടത്തി ദ്വീപ് വാസയോഗ്യമാക്കിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചിരുന്നു.
തുടർന്ന് യു.എൻ സംഘം ദ്വീപ് സന്ദർശിച്ച ശേഷമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. അടുത്ത മൂന്നു മാസത്തിനകം 81,000 അഭയാർഥികളെ മാറ്റിപ്പാർപ്പിക്കാനും ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.