ഇസ്രായേൽ യുദ്ധം കുട്ടികൾക്കെതിരെയെന്ന് യു.എൻ സമിതി

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് കുരുന്നുകൾക്കെതിരായ യുദ്ധമാണെന്ന് യു.എൻ അഭയാർഥി ഏജൻസി കമീഷണർ ജനറൽ ഫിലിപ്പ് ലസാറിനി. ലോകം മുഴുക്കെ നാലു വർഷത്തിനിടെ നടന്ന മൊത്തം യുദ്ധങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതലാണ് ഗസ്സയിലെ കുരുന്നുകളുടെ കുരുതിയെന്നും കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

‘‘ഈ യുദ്ധം കുട്ടികൾക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധമാണ്. ഗസ്സയിലെ കുട്ടികൾക്കു വേണ്ടിയാകണം വെടിനിർത്തൽ’’- അദ്ദേഹം പറയുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെ കണക്കുകൾ പ്രകാരം 12,300 കുട്ടികൾ ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടെ കലാപങ്ങളിലും യുദ്ധങ്ങളിലുമായി ലോകം മുഴുക്കെ ജീവൻ നഷ്ടമായത് 12,193 പേർക്കാണ്.

അതേസമയം, റമദാനിലും തീവ്രമായി തുടരുന്ന ഇസ്രായേൽ കുരുതി 24 മണിക്കൂറിനിടെ 88 ഫലസ്തീനികളുടെ ജീവനെടുത്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 135 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ മരണസംഖ്യ 31,272 ആയി. പരിക്കേറ്റവർ 73,024 ഉം. റഫ സിറ്റിയിൽ യു.എൻ അഭയാർഥി ഏജൻസി സഹായ കേന്ദ്രത്തിലുണ്ടായ ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ഗസ്സയിലും നിരവധി പേർ മരിച്ചു.

ഖാൻ യൂനുസിൽ ഫലസ്തീൻ മുൻ ദേശീയ ഫുട്ബാൾ താരം മുഹമ്മദ് ബറകാത്ത് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ജോർഡൻ ക്ലബ് അൽവഹ്ദ, സൗദിയിലെ അൽശുഅല എന്നിവക്കായും ബൂട്ടുകെട്ടിയ താരം തന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 90 ഫുട്ബാളർമാർ ഗസ്സയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.

അതിനിടെ, വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണത്തിന് പുതിയ മാർഗം ഉപയോഗിച്ചുതുടങ്ങിയതായി യു.എൻ ഏജൻസി അറിയിച്ചു. അതിർത്തിയോടു ചേർന്ന് സൈന്യം ഉപയോഗിക്കുന്ന പാത വഴി ആറു ട്രക്കുകളിലാണ് ഭക്ഷണം എത്തിച്ചത്. ഗസ്സയിൽ വിതരണത്തിന് 200 ടൺ ഭക്ഷണവുമായി ഒരു ബോട്ട് സൈപ്രസിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. പട്ടിണി മൂലം 23 കുട്ടികളുൾപ്പെടെ 27 പേർ മരിച്ചതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

മറ്റൊരു സംഭവത്തിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ടയർ പട്ടണത്തിനുസമീപം ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ കാറിൽ സഞ്ചരിക്കവേ ഹാദി മുസ്തഫയാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - UN committee says Israel's war is against children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.