ഗസ്സയിൽ ആരോരുമില്ലാതെ 17,000 കുട്ടികൾ; ഓരോ കുഞ്ഞിനും പറയാനുണ്ട് വേർപാടിന്‍റെ കഥ...

ഗസ്സ: ഇസ്രയേൽ ഗസ്സയിൽ നാലു മാസമായി നടത്തുന്ന ആക്രമണങ്ങളിൽ 17,000 കുട്ടികൾ ആരോരുമില്ലാതെ അനാഥരായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. ഇതിൽ പല കുട്ടികളുടെയും കുടുംബാംഗങ്ങളെ കാണാതാകുകയോ വേർപിരിയപ്പെട്ടതോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കുട്ടികൾക്കെല്ലാം മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.

ഓരോ കുട്ടിക്കും നഷ്ടത്തിന്‍റെയും ദുഃഖത്തിന്‍റെയും ഹൃദയഭേദകമായ കഥയുണ്ട് പറയാൻ -എന്നാണ് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള യുനിസെഫിന്‍റെ കമ്മ്യൂണിക്കേഷൻ മേധാവി ജോനാഥൻ ക്രിക്സ് പറഞ്ഞത്. നിലവിലെ സാഹചര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കുന്നത് അസാധ്യമായതിനാൽ ഈ സംഖ്യ ഏകദേശ കണക്കാണ്. യുദ്ധക്കെടുതിയിൽ വിവിധയിടങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ട കുട്ടികൾ ഭീതിതമായ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റ് ആശുപത്രിയിലെത്തുന്നവർക്ക് കൂടെയുണ്ടായിരുന്ന കുട്ടികൾ എവിടെയാണെന്ന് പറയാൻ സാധിക്കാറില്ല. ചിലപ്പോൾ സ്വന്തം പേരുപോലും അവർക്ക് പറയാൻ കഴിയാറില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ അകന്ന ബന്ധത്തിലുള്ളവരും മറ്റും കുടുംബങ്ങളും ഏറ്റെടുക്കുന്നത് പതിവാണ്. എന്നാൽ, ഗസ്സയിൽ ഭക്ഷണമോ വെള്ളമോ പാർപ്പിടമോ ഇല്ലാതെ വിഷമിക്കുന്നവർ സ്വന്തം കുട്ടികളെ തന്നെ പരിപാലിക്കാൻ പാടുപെടുകയാണ്.

ഉത്കണ്ഠയും വിശപ്പില്ലായ്മയുമാണ് ഗസ്സയിലെ കുട്ടികളെ അലട്ടുന്നത്. അവർക്ക് ഉറങ്ങാനേ കഴിയുന്നില്ല. ബോംബാക്രമണ ശബ്ദം കേൾക്കുമ്പോഴെല്ലാം പരിഭ്രാന്തി പ്രകടിപ്പിക്കുന്നു -ജോനാഥൻ ക്രിക്സ് വിവരിക്കുന്നു.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതു മുതൽ ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ 27,100ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11,500 പേർ കുട്ടികളാണ്.

Tags:    
News Summary - UN estimates 17,000 Gaza children left unaccompanied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.