ആഡിസ് അബബ: ഇത്യോപ്യയിൽ അടുത്തിടെ നടന്ന മുസ്ലിം-ക്രിസ്ത്യൻ സംഘർഷത്തെ അപലപിച്ച് യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ്. സംഘർഷത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഭൂമിതർക്കവുമായി ബന്ധപ്പെട്ട് ഏപ്രിൽ 26ന് വടക്കൻ ഇത്യോപ്യയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 30ലധികം പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ താൻ അതിദുഃഖിതയാണെന്ന് അവർ പറഞ്ഞു. യു.എന്നിന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഗൊണ്ടാറിൽ രണ്ട് മുസ്ലിം പള്ളികൾ കത്തിച്ചതായും രണ്ടെണ്ണം ഭാഗികമായി നശിപ്പിക്കപ്പെട്ടതായും ബാച്ചലെറ്റ് പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ക്രിസ്ത്യന്‍ വിഭാഗത്തിലെ രണ്ടുപേരെ തീയിട്ട് കൊല്ലുകയും അഞ്ച് ചർച്ചുകൾ കത്തിക്കുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇത്യോപ്യയിലെ നാല് നഗരങ്ങളിൽനിന്ന് 578 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റിലാകുന്നവരെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസൃതമായി വിചാരണക്ക് വിധേയമാക്കണം. രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദാന്തരീക്ഷം സ്ഥാപിക്കാൻ വിപുലമായ നടപടികൾ വേണമെന്നും മതപരമായ ആക്രമണങ്ങൾ തടയുന്നതിന് സംഘർഷത്തിന്റെ അടിസ്ഥാന കാര്യങ്ങൾ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.