കാബൂൾ: ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്‍റെ നേതൃത്വത്തിൽ താലിബാനുമായി ചർച്ച നടത്തി. താലിബാൻ സർക്കാറിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായാണ് യു.എൻ സംഘം ചർച്ച നടത്തിയ്. അഫ്ഗാൻ ജനതയുടെ സുരക്ഷക്കും സ്ഥിരതയുള്ള അഫ്ഗാനു വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോധ്യപ്പെട്ടതായി യു.എൻ സംഘം അറിയിച്ചു.
അഫ്ഗാൻ ജനതക്ക് സഹായം സാധ്യമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ താലിബാന് ബോധ്യപ്പെട്ടതായും യു.എൻ സംഘം അറിയിച്ചു. അഫ്ഗാന്റെ സ്ഥിരതക്കും വികസനത്തിനും അന്താരാഷ്ട്ര സമഹവും താലിബാനും ധാരണാമേഖലകൾ വികസിപ്പിക്കണമെന്നും അഫ്ഗാനിലെ യു.എൻ പ്രത്യേക ദൗത്യം (യു.എൻ.എ.എംഎ) അറിയിച്ചു.
അഫ്ഗാൻ പ്രസിഡന്‍റായിരുന്ന ഹാമിദ് കർസായിയുമായി യു.എൻ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസ് കഴിഞ്ഞമാസം ചർച്ച നടത്തിയിരുന്നു. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ ആരായുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് ഡെബോറ ചൂണ്ടികാട്ടിയിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷമുള്ള സാഹചര്യങ്ങളാണ് യു.എൻ സംഘം പരിശോധിക്കുന്നത്.
അഫ്ഗാനിൽ സാമൂഹിക-സാമ്പത്തിക ദുരന്തം പടിവാതിൽക്കലാണെന്ന് യൂറോപ്യൻ യൂണിയന്‍റെ വിദേശനയ ചുമതലയുള്ള ജോസഫ് ബോറൽ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. മേഖലയുടെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷക്ക് തന്നെയും ഭീഷണിയാകുന്ന തരത്തിൽ അത് വളരാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.