വാഷിങ്ടൺ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.എസ് കാപിറ്റോൾ അതിക്രമത്തിൽ മുൻ പ്രഡിഡന്‍റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. യു.എസിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നായി തന്റെ മുൻഗാമിയായ ട്രംപ് നുണകളുടെ വല നെയ്യുകയായിരുന്നുവെന്നാണ് ബൈഡന്റെ വിമർശനം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുണ്ടായ കാപിറ്റോൾ ആക്രമണത്തിന്റെ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷനൽ സ്റ്റാച്വറി ഹാളിലായിരുന്നു പരിപാടി.
2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്‍റ് നുണകളുടെ വല നെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. തത്വങ്ങളേക്കാൾ അധികാരത്തെ വിലമതിക്കുന്നതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. തോൽവി അദ്ദേഹത്തിനുപോലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല -ബൈഡന്‍ പറഞ്ഞു. കാപിറ്റോൾ അതിക്രമത്തിന് പിന്നിൽ ട്രംപാണെന്ന് അദ്ദേഹം ആരോപിച്ചു.
ട്രംപും അനുകൂലികളും അമേരിക്കയുടെ കഴുത്തിൽ കഠാര പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ താൽപര്യത്തേക്കാൾ സ്വന്തം താൽപര്യത്തിനാണ് അദ്ദേഹം പ്രധാന്യം നൽകിയതെന്നും ബൈഡൻ പറഞ്ഞു. 25 മിനിറ്റ് നീണ്ടുനിന്നു ബൈഡന്റെ പ്രസംഗം. പ്രസംഗത്തിൽ ഒരിടത്തുപോലും ട്രംപിന്റെ പേര് പറയാതെയായിരുന്നു വിമർശനം.
2021 ജനുവരി ആറിന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വസ്തുത അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.