ബഗ്ദാദ്: യുദ്ധവും ആക്രമണവുമവസാനിപ്പിച്ച് പശ്ചിമേഷ്യയിൽനിന്ന് ഉടനൊന്നും മടങ്ങില്ലെന്ന സൂചനയായി സിറിയയിലും ഇറാഖിലും ഒരേ ദിവസം വ്യോമാക്രമണം നടത്തി യു.എസ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ബോംബുകൾ വർഷിച്ചതെന്നാണ് വിശദീകരണം. ഇറാൻ പിന്തുണയോടെയുള്ള ശിയാ മിലീഷ്യകളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപെടെ അഞ്ചു പേർ മരിച്ചതായി സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു.
ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരമേറ്റ ശേഷം രണ്ടാമതാണ് ശിയ മിലീഷ്യകൾക്കു നേരെ ആക്രമണം. കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലായിരുന്നു അവസാന ആക്രമണം. അന്നും ഇറാഖിൽ നടന്ന റോക്കറ്റാക്രമണമായിരുന്നു കാരണം നിരത്തിയത്.
കതാഇബ് ഹിസ്ബുല്ല, കതാഇബ് സയ്യിദുൽ ശുഹദ എന്നിവയുടെ നിയന്ത്രണത്തിലുള്ള സിറിയയിൽ രണ്ടും ഇറാഖിൽ ഒന്നും കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. യു.എസിനെതിരെ പ്രതികാരനടപടികളുണ്ടാകുമെന്ന് ഇരു സംഘങ്ങളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടും ചേർന്ന പോപുലർ മൊബൈലൈസേഷൻ ഫോഴ്സസ് ഇറാഖിൽ ശക്തമായ സാന്നിധ്യമാണ്.
ഇറാഖിൽ നിലവിൽ യു.എസ് 2,500 സൈനികരാണ് അവശേഷിക്കുന്നത്. ഈ വർഷത്തിനിടെ 40 ആക്രമണങ്ങൾ രാജ്യത്തെ സൈനിക കേന്ദ്രങ്ങൾക്കു നേരെയുണ്ടായതാണ് കണക്ക്.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എഫ്-15, എഫ്-16 യുദ്ധ വിമാനങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.