വാഷിങ്ടൺ: യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. പ്രദേശത്തെ ആശുപത്രികളെല്ലാം നിറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്താനാണ് സർക്കാർ നീക്കം. ടെക്സസിലെ എൽ പാസോയിൽ രോഗവ്യാപനം രൂക്ഷമായതോടെ ഇൗയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. പ്രദേശത്ത് കൂടുതൽ ഫീൽഡ് ആശുപത്രികൾ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം അതേസമയം അവശ്യേതര ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിടാനുള്ള നീക്കത്തെ മേയറും അറ്റോർണി ജനറലും എതിർത്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
യു.എസിൽ മാത്രം കോവിഡ് ബാധിച്ച് ഇതുവരെ 2,29,000 പേരാണ് മരിച്ചത്. ശൈത്യകാലം വരുന്നതോടെ യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് നാലുനാൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്തെ കോവിഡ് കണക്കുകൾ ആശങ്ക പടർത്തുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കോവിഡ് പടരുന്നതിനോടുള്ള പ്രതികരണങ്ങളെ എതിർ സ്ഥാനാർഥിയായ ജോ ബെയ്ഡൻ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.