കിയവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യ സമ്പൂർണ നിയന്ത്രണത്തിനരികെ നിൽക്കെ യു.എസിന്റെ സൈനിക സഹായം വീണ്ടും. എച്ച്.ഐ.എം.എ.ആർ.എസ് എന്ന അത്യാധുനിക റോക്കറ്റ് സംവിധാനമാണ് പുതുതായി യുക്രെയ്നിലെത്തുക. 80 കിലോമീറ്റർ ദൂരപരിധിയുള്ള റോക്കറ്റുകളും അവ തൊടുക്കാനുള്ള ലോഞ്ചറുകളും ഉൾപ്പെടുന്നതാണ് എച്ച്.ഐ.എം.എ.ആർ.എസ്. 300 കിലോമീറ്റർ പരിധിയുള്ളതാണ് ഈ റോക്കറ്റുകളെങ്കിലും അവയുടെ നാലിലൊന്നേ യുക്രെയ്ന് കൈമാറുന്നവക്കുണ്ടാകൂ. എന്നാലും, യുക്രെയ്ൻ സേനയുടെ വശമുള്ള ഏറ്റവും മികച്ചവയെക്കാൾ ദൂര പരിധിയുള്ളതാകും. എച്ച്.ഐ.എം.എ.ആർ.എസുകൾക്കൊപ്പം വ്യോമ നിരീക്ഷണ റഡാറുകൾ, ജാവ്ലിൻ ടാങ്ക് വേധ മിസൈലുകൾ, ഹെലികോപ്ടറുകൾ, യുദ്ധ വാഹനങ്ങൾ, കവചിത വാഹനങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന ആയുധങ്ങൾ തുടങ്ങിയവയും പുതുതായി കൈമാറും. റോക്കറ്റ് കൈമാറ്റം പ്രശ്നം ഗുരുതരമാക്കുമെന്നും പ്രകോപനപരമായി കാണുമെന്നും റഷ്യ പ്രതികരിച്ചിട്ടുണ്ട്.
അതിനിടെ, യുക്രെയ്നിലെ വ്യവസായ നഗരമായ സെവെറോഡോണറ്റ്സ്കിൽ റഷ്യ നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. നഗരത്തിലേറെയും റഷ്യൻ സൈനികരുടെ പിടിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേയ് 27നാണ് റഷ്യ പട്ടണത്തിൽ പ്രവേശിച്ചത്. രാജ്യത്തെ വലിയ രാസനിർമാണശാലയായ 'അസോട്ട്' പ്രവർത്തിക്കുന്ന പട്ടണമാണ് സെവെറോഡോണറ്റ്സ്ക്. അസോട്ടിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സെവെറോഡോണറ്റ്സ്കും മറ്റൊരു പട്ടണമായ ലിസിചാൻസ്കും പിടിക്കാനായാൽ കിഴക്കൻ മേഖലയിലെ ഡോൺബാസ് മേഖല മൊത്തമായി റഷ്യൻ നിയന്ത്രണത്തിലാകും. സെവെറോഡോണറ്റ്സ്കിൽ 70 ശതമാനവും പിടിച്ചെടുത്ത അവശേഷിച്ച ഭാഗങ്ങൾ കൂടി വൈകാതെ കൈയിലൊതുക്കുമെന്നാണ് സൂചന. നഗരത്തിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയാണ് റഷ്യ ആക്രമണം കനപ്പിക്കുന്നത്.
അതിനിടെ, യു.എസ് ആയുധക്കൈമാറ്റ പ്രഖ്യാപനം പുറത്തുവന്നതോടെ ആണവ സേനയെ വിന്യസിക്കാൻ നടപടികൾ ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.