വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയത്തെ സമാധാന പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. സി.എൻ.എൻ വാർത്താവതാരകൻ വാൻ ജോൺസ് വാർത്താവതരണത്തിനിടെ കണ്ണീരണിഞ്ഞത് വൈകാരിക നിമിഷങ്ങളായി.
സി.എൻ.എൻ ആണ് ബൈഡന്‍റെ വിജയം ആദ്യമായി പ്രഖ്യാപിച്ചത്. വിശകലനത്തിനിടെ വാർത്താവതാരകൻ പൊളിറ്റിക്കൽ കറസ്പോണ്ടന്‍റ് കൂടിയായ വാൻ ജോൺസിനോട് പ്രതികരണം ആരാഞ്ഞു. തുടർന്നാണ് ജോൺസ് വാക്കുകൾ ഇടറി വികാരഭരിതനായത്.
'ഇത് നല്ല ദിവസമാണ്. ഇന്ന് ഒരു രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് കുട്ടികളോട് പറയാം.' -ഇതിന് പിന്നാലെ ജോൺസ് കണ്ണീരണിഞ്ഞു.
ഒരുപാടാളുകൾക്ക് ഇത് നല്ല കാര്യമാണ്. നിങ്ങൾ ഒരു മുസ്ലിമാണെങ്കിൽ പ്രസിഡന്‍റിന് നിങ്ങളെ ആവശ്യമില്ല എന്ന കാര്യത്തിൽ ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കിൽ നിങ്ങളെ കുട്ടികളെ തട്ടിയെടുക്കുന്നതിൽ പ്രസിഡന്‍റ് സന്തോഷിക്കുന്നുവോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കണ്ടെത്തുന്നവരെ അകാരണമായി തിരിച്ചയക്കുന്നതിനെ ഭയക്കേണ്ടതില്ല.
കഷ്ടതകൾ അനുഭവിച്ച നിരവധി പേർക്കുള്ള നീതിയാണിത്. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞത് ജോർജ് ഫ്ലോയിഡ് മാത്രമല്ല. ശ്വസിക്കാൻ കഴിയാത്ത നിരവധി ആളുകൾ ഇവിടെയുണ്ട്. രാജ്യത്തിന് ഇതൊരു നല്ല കാര്യമാണ്. പരാജയപ്പെട്ടവർക്ക് ഇതൊരു മോശം ദിവസമായിരിക്കാം. പക്ഷേ, ഒരുപാടാളുകൾക്ക് ഇതൊരു നല്ല ദിവസമാണ് -ജോൺസ് പറഞ്ഞു.
ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.