ന്യൂയോർക്: ലിത്വാനിയയിലേക്കുള്ള വിമാനം അടിയന്തരമായി ഇറക്കിപ്പിച്ച് മാധ്യമപ്രവർത്തകൻ റോമൻ പ്രൊട്ടസെവിച്ചിനെ അറസ്റ്റ് ചെയ്യ്ത ബെലറൂസ് ഭരണകൂടത്തിനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. സംഭവത്തിൽ ഉപരോധ നടപടി സ്വീകരിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്.
വിമാനം തട്ടിയെടുത്തതിൽ വിശ്വാസയോഗ്യമായ അന്താരാഷ്ട്ര അന്വേഷണം നടക്കണമെന്നും അലക്സാണ്ടർ ലൂക്കാഷെൻകോ ഭരണകൂടത്തിനെതിരെ ഉപരോധത്തിന് ഒരുങ്ങുകയാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. യൂറോപ്യൻ യൂനിയനുമായി കൂടിയാലോചിച്ചാണ് ഭരണകൂടത്തിനെതിരെ ഉപരോധം നടപ്പിലാക്കുക. അലക്സാണ്ടർ ലൂക്കാഷെൻകോയുടെ പ്രധാന സഹായികളുടെ പേരുവിവരങ്ങൾ അമേരിക്കയും യൂറോപ്യൻ യൂനിയനും കൈമാറും. ഇവർക്കെതിരെ യാത്രാവിലക്കും മറ്റും ഉടൻ നിലവിൽവരും.
നേരത്തെ, ഭരണകൂടത്തിെൻറ ഉടമസ്ഥതയിലുള്ള സ്ാപനങ്ങൾക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധത്തിന് കഴിഞ്ഞ ഏപ്രിലിൽ ധാരണയായിരുന്നു. സ്വാതന്ത്ര പ്രക്ഷോഭത്തെ അലക്സാണ്ടർ ലൂക്കാഷെൻകോ അടിച്ചമർത്തിയതിന് പിന്നാലെയാണ് ഉപരോധത്തിന് വൈറ്റ്ഹൗസ് തീരുമാനിച്ചത്. ജൂൺ മൂന്നിന് ഉപരോധം നിലവിൽ വരും. ബെലറൂസിലേക്ക് അമേരിക്കൻ പൗരന്മാർ യാത്രചെയ്യരുതെന്നും ബെലറൂസ് വിമനങ്ങളിലെ യാത്ര ഒഴിവാക്കണമെന്നും നിർദേശിച്ചു.
അതേസമയം, റഷ്യൻ പിന്തുണയിൽ അലക്സാണ്ടർ ലൂക്കാഷെൻകോ അന്താരാഷ്ട്ര സമ്മർദങ്ങളിൽ നിന്നൊഴിഞ്ഞുമാറി സുരക്ഷിതനാണ്. 'വിമാന നാടക' സംഭവത്തിന് പിന്നാലെ വെള്ളിയാഴ്ച റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും ലൂക്കാഷെൻകോയും സോച്ചി റിസോർട്ടിൽ കൂടിക്കാഴ്ച നടത്തി.
ലിത്വാനിയയിലേക്കുള്ള വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം നൽകി പോർവിമാനം അയച്ച് ബലമായി ബെലറൂസിൽ ഇറക്കിയശേഷമായിരുന്നു മാധ്യമപ്രവർത്തകൻ പ്രൊട്ടസെവിചിനെ അറസ്റ്റ് ചെയ്തത്. പോളണ്ട് ആസ്ഥാനമായ ഓൺലൈൻ വാർത്താചാനലായ നെക്സ്റ്റക്കു വേണ്ടി കഴിഞ്ഞ വർഷം ബെലറൂസ് പ്രതിപക്ഷ പ്രക്ഷോഭം പ്രൊട്ടസെവിച് റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡൻറിനെതിരെ വാർത്ത നൽകിയതിനാണ് മാധ്യമപ്രവർത്തകനെതിരെ നിരവധി കേസുകൾ ചാർത്തി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.