വാഷിങ്ടൺ: അടുത്ത 24 മുതൽ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.
കോൺസുലേറ്റ് ആക്രമിണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേൽ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.
നാലുവർഷത്തിനിടെ മേഖലയിൽ കൊല്ലപ്പെടുന്ന ഇറാന്റെ രണ്ടാമത്തെ സൈനിക പ്രമുഖനാണ് കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി. റവലൂഷനറി ഗാർഡ്സ് ജനറൽ ഖാസിം സുലൈമാനിയെ 2020ൽ ബഗ്ദാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം കൊലപ്പെടുത്തിയിരുന്നു.
ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേൽ കഴിയുന്നത്. സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിക്കുകയും റിസർവിസ്റ്റുകളോട് സർവീസിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിൽ എവിടെയും ഏതുനേരത്തും ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. മിസൈൽ ആക്രമണവും സൈബർ ആക്രമണവും പ്രതീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, തിരിച്ചടി സംബന്ധിച്ച് തെഹ്‌റാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.