വാഷിങ്ടൺ: ഐ.എസ്-കെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ ഉൾപ്പെടെ നിരപരാധികളെ കൊലപ്പെടുത്തിയ കാബൂൾ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു.എസ് സൈന്യം പുറത്തുവിട്ടു. ആഗസ്റ്റ് 29ന് നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. ഐ.എസ്-ഖൊറാസൻ നടത്തിയ ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കാബൂളിലെ ജനവാസ മേഖലയിൽ യു.എസ് പ്രത്യാക്രമണം നടത്തിയത്. ഭീകരനീക്കം തകർത്തെന്നായിരുന്നു സൈന്യം അവകാശപ്പെട്ടത്.
എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയതായും കൊല്ലപ്പെട്ടത് ഭീകരരല്ലെന്നും പിന്നീട് യു.എസ് സൈന്യം സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു.
അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ ജീവകാരുണ്യപ്രവർത്തകൻ സെമിറൈ അഹ്മദിയും കുട്ടികളുമടക്കമുള്ളവരാണ് കാബൂൾ ആക്രമണത്തിൽ മരിച്ചത്. ഐ.എസ്-കെ ഭീകരരുടെ വാഹനമാണെന്ന് കരുതി യു.എസ് സെമിറൈ അഹ്മദിയുടെ വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
(സെമിറൈ അഹ്മദി)
'ആക്രമണം ദുരന്തപൂര്‍ണമായ ഒരു അബദ്ധമായിരുന്നു'വെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ഫ്രാങ്ക് മെക്കന്‍സി സെപ്റ്റംബറിൽ ഖേദപ്രകടനം നടത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞിരുന്നു. തെറ്റ് സമ്മതിച്ചെങ്കിലും, സംഭവത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് സൈന്യം അവകാശപ്പെട്ടത്. സംഭവത്തിൽ ആർക്കെതിരെയും കുറ്റം ചുമത്തുകയും ചെയ്തിട്ടില്ല.
യു.എസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് സെമിറൈ അഹ്മദിയുടെ ടൊയോട്ട കാര്‍ ആക്രമിച്ചത്. കാറില്‍ വെള്ളക്കുപ്പികള്‍ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവത്രെ. യു.എസ് സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന സെമിറൈ അഹ്മദി പ്രത്യേക വിസയിൽ കുടുംബത്തോടൊപ്പം യു.എസിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.