70 ശതമാനവും വാക്സിനെടുത്തു; എന്നിട്ടും യു.എസിനെ ഞെട്ടിച്ച് ഡെൽറ്റ വൈറസ്, പ്രതിദിന കേസുകൾ വീണ്ടും ലക്ഷത്തിന് മുകളിൽ

വാഷിങ്ടൺ: യു.എസിൽ ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളിൽ വൻ വർധന. ജൂൺ അവസാന നാളുകളിൽ 11,000ത്തിന് അടുത്തായിരുന്നു പ്രതിദിന കേസുകളെങ്കിൽ, ഇപ്പോൾ അഞ്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് പ്രതിദിന കേസുകൾ.

മുതിർന്നവരിൽ 70 ശതമാനവും അമേരിക്കയിൽ വാക്സിൻ സ്വീകരിച്ചവരാണ്. എന്നിട്ടും, വൈറസിന്‍റെ ഡെൽറ്റ വകഭേദം അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്. മരണനിരക്കിലും വർധനവുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരി പ്രതിദിന മരണം 270 ആയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം മരിച്ചത് 750 പേരാണ്.

വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 1,30,706 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്ന് മുതൽ തുടർച്ചയായ ദിവസങ്ങളിൽ ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗികൾ.

വാക്സിൻ സ്വീകരിക്കാത്തവരിലൂടെയാണ് വൈറസ് പ്രധാനമായും വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഫ്ലോറിഡ, ലൂസിയാന, മിസ്സിസിപ്പി തുടങ്ങിയ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞ സാഹചര്യമാണ്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള യു.എസിൽ 3,64,49,353 പേർക്കാണ് അസുഖം ബാധിച്ചത്. 6,32,647 പേർ മരിക്കുകയും ചെയ്തു. 59,82,407 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 

Tags:    
News Summary - US now averaging 100,000 new Covid infections a day despite 70% vaccination rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.