വാഷിങ്ടണ്‍: യു.എസ് അധീനതയിലുള്ള ഗ്വണ്ടാനമോ തടവറകളിൽ ഒന്ന് പൂട്ടി. ദ്രവിച്ചു തുടങ്ങിയ ക്യാമ്പ് 7 ജയിലറയാണ് പൂട്ടിയത്. ചെലവുചുരുക്കൽ നീക്കത്തിന്റെ ഭാഗമായി തടവറ അറ്റകുറ്റപണി വേണ്ടെന്ന് വെക്കുകയായിരുന്നു. കാര്യമായ പരിപാലനമില്ലാതിരുന്ന തടവറകളിലൊന്നാണിത്. ഇതിലെ തടവുകാരെ മറ്റൊരു ജയിലിലേക്കു മാറ്റിയതായി യു.എസ് സൈന്യം അറിയിച്ചു. ക്യാമ്പ് 7 ജയിലറയിൽ 14 തടവുകാർ ഉണ്ടായിരുന്നതായും സൈനികകേന്ദ്രം അറിയിച്ചു.
സമീപത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് തടവുകാരെ മാറ്റിയത്. ക്യാമ്പ് 7ലെ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുതിയ തടവറ നിര്‍മിക്കണമെന്ന് 2013ലെ ബജറ്റില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഫണ്ട് അനുവദിക്കപ്പെട്ടിരുന്നില്ല.
2006 ഡിസംബറിലാണ് ഈ തടവറ നിർമിച്ചത്. ക്യാമ്പ് 7ല്‍ ഇപ്പോഴുള്ള തടവുകാരില്‍ അഞ്ചു പേര് 2001 സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്ക പിടികൂടിയവരാണ്. നേരേത്ത, ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡന് തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തടവുകാരെ അമേരിക്കയിലേക്കു നീക്കാന്‍ സെനറ്റിെൻറ പ്രത്യേക അനുമതി വേണ്ടിവരുമെന്നതിനാൽ പെട്ടെന്ന് അടച്ചുപൂട്ടാൻ കഴിയില്ല. നിലവിൽ 40 തടവുകാരാണ് ഇവിടെയുള്ളത്. 2017ൽ 15 തടവുകാരെ യമനിലേക്കു മാറ്റിയിരുന്നു.
ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഗ്വണ്ടാനമോ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഗ്വണ്ടാനമോ ബേ തടവറ മനുഷ്യാവകാശലംഘനത്തിന് പേരുകേട്ട തടവറകൂടിയാണ്. 1903ൽ നിലവിൽ വന്ന ക്യൂബൻ-അമേരിക്കൻ കരാറുപ്രകാരം അമേരിക്ക ക്യൂബയിൽനിന്നു പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. പിന്നീട് ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചശേഷവും ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങൾ വേലികെട്ടിത്തിരിച്ചു. 1991ൽ ഹെയ്തി കലാപകാരികളെ തടവിലിടാൻവേണ്ടി അമേരിക്ക ഇവിടെ ക്യാമ്പുകൾ നിർമിച്ചിരുന്നു.
സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനും അമേരിക്കയുടെ അഫ്ഗാനിസ്താൻ ആക്രമണത്തിനുംശേഷമാണ് ഗ്വണ്ടാനമോ തടവറകൾ കൂടുതൽ ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.