വാഷിങ്ടൺ: ഫലസ്തീന് യു.എന്നിൽ പൂർണ്ണാംഗത്വം നൽകുന്നതിന് വേണ്ടി കൊണ്ട് വന്ന പ്രമേയത്തെ വീറ്റോ ചെയ്ത് യു.എസ്. വ്യാഴാഴ്ചയാണ് യു.എൻ സുരക്ഷാസമിതിയിൽ പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തത്. സുരക്ഷാസമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ നിലപാട് എടുത്തില്ല. യു.എസ് പ്രമേയത്തിന് എതിരായി നിലപാട് എടുക്കുകയും വീറ്റോ ചെയ്യുകയും ചെയ്തു.
193 അംഗ യു.എന്നിന്റെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷാസമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നത് കൊണ്ട് പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പ് തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്യുകയായിരുന്നു.
പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രമെന്ന സിദ്ധാന്തത്തെ യു.എസ് ഇപ്പോഴും അനുകൂലിക്കുന്നു. യു.എന്നിലെ വോട്ട് ഫലസ്തീൻ രാഷ്ട്രത്തിന് എതിരല്ല. എന്നാൽ, ഇരുകക്ഷികളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യു.എസ് നിലപാടെന്ന് യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസിഡർ റോബർട്ട് വുഡ് പറഞ്ഞു.
അതേസമയം, യു.എസിന്റെ നടപടി അന്യായവും അധാർമികവുമാണെന്നായിരുന്നു ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചത്. യു.എന്നിലെ ഫലസ്തീനിയൻ അംബാസിഡർ റിയാദ് മൻസൂർ വികാരഭരിതനായാണ് വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത്. ഈ പ്രമേയം പാസാകാത്തത് തങ്ങളുടെ ഇച്ഛാശക്തിയെ തകർക്കില്ലെന്നും നിശ്ചയദാർഢ്യത്തെ പരാജയപ്പെടുത്തുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ പരിശ്രമം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.