വാഷിങ്ടൺ: മാസങ്ങൾക്കിടെ ബെയ്ജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ആരെയും പങ്കെടുപ്പിക്കാതെ നയതന്ത്ര ബഹിഷ്കരണത്തിന് യു.എസ് പട നീക്കം. അമേരിക്കൻ താരങ്ങൾ പങ്കെടുക്കുകയും ഉദ്യോഗസ്ഥർ എത്താതിരിക്കുകയും ചെയ്യുന്നതാകും ബഹിഷ്കരണം.
ചൈന തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് യു.എസ് പറയുന്നു. എന്നാൽ, ഫെബ്രുവരിയിലെ ശീതകാല ഒളിമ്പിക്സിന് നയതന്ത്ര വിലക്കുമായി യു.എസ് മുന്നോട്ടുപോയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
തുറന്ന രാഷ്ട്രീയ പ്രകോപനമാണിതെന്നും തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മുന്നറിയിപ്പ് നൽകി.
2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ അന്നത്തെ യു.എസ് പ്രസിഡൻറ് ജോർജ് ബുഷ് ഉൾപ്പെടെ പങ്കെടുത്തിരുന്നു. ഈ വർഷം ടോക്യോയിൽ നടന്ന ഒളിമ്പിക്സിന് യു.എസ് പ്രഥമ വനിത ജിൽ ബൈഡെൻറ നേതൃത്വത്തിലെ സംഘമായിരുന്നു പങ്കെടുത്തത്. ഇതാണ് ഇത്തവണ മുടക്കാൻ നീക്കം.
പ്രമുഖ വ്യക്തിത്വങ്ങളെ അയക്കില്ലെന്ന പ്രഖ്യാപനം പ്രസിഡൻറ് ജോ ബൈഡൻ വൈകാതെ നടത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.