ധാക്ക: പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്കരണത്തിനുമിടെ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മകൾ സൈമ വസേദക്കൊപ്പം ധാക്ക സിറ്റി കോളജിൽ വോട്ട് രേഖപ്പെടുത്തി. 2009 മുതൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗാണ് അധികാരത്തിലുള്ളത്.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) നേതൃത്വത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത 48 മണിക്കൂർ നീണ്ട പണിമുടക്ക് ശനിയാഴ്ച രാവിലെ ആറോടെയാണ് തുടങ്ങിയത്. അഴിമതിക്കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
കനത്ത സുരക്ഷയിൽ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രർക്ക് പുറമെ 27 രാഷ്ട്രീയപാർട്ടികളിൽനിന്നായി 1500ലേറെ സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇന്ത്യയിൽനിന്ന് മൂന്നുപേർ ഉൾപ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധർ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിർത്താൻ 7.5 ലക്ഷത്തിലേറെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
2014 ൽ നടന്ന തെരഞ്ഞെടുപ്പ് ബി.എൻ.പി ബഹിഷ്കരിച്ചിരുന്നെങ്കിലും 2018 ൽ മത്സരരംഗത്തുണ്ടായിരുന്നു. പ്രതിപക്ഷത്തെ ജാതീയ പാർട്ടി (ജെ.എ.പി.എ) ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മറ്റുള്ള സ്ഥാനാർഥികളെല്ലാം അവാമി ലീഗ് നേതൃത്വം നൽകുന്ന സഖ്യകക്ഷി കൂട്ടായ്മയുടെ ഭാഗമായ പാർട്ടികളിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.