വാഷിങ്ടൺ: വാഗ്നർ ഗ്രൂപ്പിെൻറ മേധാവി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡൻറ് വ്ലാദിമർ പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ പറഞ്ഞു. മോസ്കോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തിൽപെട്ടത്. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.
റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ സ്വന്തം താൽപര്യസംരക്ഷണത്തിനായി വളർത്തിയെടുത്ത വാഗ്നർ കൂലിപ്പടയുടെ തലവനാണ് ഇപ്പോൾ ദുരൂഹമായ വിമാനാപകടത്തിൽ മരിച്ചത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിെൻറ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. വ്ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിെൻറയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിെൻറ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡൻറ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ. 2014-ൽ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിെൻറ കൂലിപ്പടയായ വാഗ്നർ സംഘത്തിെൻറ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് 50,000-ത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാന്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതില്‍ 10,000 പേര്‍ കോണ്‍ട്രാക്ടേഴ്‌സും 40,000 പേര്‍ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലില്‍നിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
പുടിന്‍സ് ഷെഫ് അഥവാ പുട്ടിെൻറ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു. തെൻറ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുളള പ്രിഗോഷിന്റെ പ്രധാന പരാതി. യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതില്‍ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാല്‍, ബക്മൂത് കയ്പിടിയില്‍ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നര്‍ സംഘം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.