ജല-ഊർജ സുരക്ഷക്ക് ജി.സി.സിയുടെ അടിയന്തര നടപടി വേണം -ലോക ബാങ്ക് മേധാവി

ജുബൈൽ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ജല-ഊർജ സുരക്ഷഭീഷണികൾ നേരിടാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളോട് ലോകബാങ്കിന്റെ റീജനൽ ഡയറക്ടർ ഇസ്സാം അബൂ സുലൈമാൻ ആവശ്യപ്പെട്ടു. മേഖലയിലെ ആറുകോടി വരുന്ന ജനസംഖ്യയുടെ ജല-ഊർജ സുരക്ഷ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് വേഗത്തിലുള്ള നടപടി ആവശ്യമാണെന്ന് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിയിൽ ഉണ്ടാകുന്ന ആഘാതങ്ങൾ പലപ്പോഴും ജല-ഊർജ മേഖല കൈകാര്യംചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണ്. ഉയർന്ന ബാഷ്പീകരണനിരക്കും ശുദ്ധജലം ഒഴുകിയെത്താത്തതും കാരണം അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും മറ്റു സമുദ്രങ്ങളേക്കാൾ ഉപ്പു കൂടുതലുള്ള വെള്ളമാണ്. അതുകൊണ്ടുതന്നെ വെള്ളം ശുദ്ധീകരിക്കാൻ ചെലവ് കൂടുതലാണ്.

കടൽജല സംസ്കരണത്തിന് നൂറുകണക്കിന് ഡീസാലിനേഷൻ പ്ലാന്റുകളാണുള്ളത്. കൂടാതെ, പല ജി.സി.സി രാജ്യങ്ങളിലും 'ഡീസാലിനേഷൻ' ഗണ്യമായി വിപുലീകരിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഈ പ്ലാന്റുകൾ പുറന്തള്ളുന്ന 'ഹൈപ്പർസലൈൻ' മാലിന്യങ്ങൾ ആഴംകുറഞ്ഞ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്നുണ്ട്. ഈ മാലിന്യങ്ങളിൽ ഉപ്പിന്റെ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടുതന്നെ പുതിയ കടൽജലം ഡീസാലിനേഷനായി എടുക്കുമ്പോൾ ആ ഉപ്പ് നീക്കം ചെയ്യാൻ കൂടുതൽ ഊർജം ആവശ്യമായി വരുന്നു.

ഉപ്പുവെള്ളം സംസ്‌കരിക്കുമ്പോൾ പുനരുപയോഗിക്കാവുന്ന ഊർജത്തോടൊപ്പം ഡീസാലിനേഷനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിവിധികാണാൻ ജി.സി.സി നടപടി കൈക്കൊണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സിക്ക് അവരുടെ നിലവിലുള്ള എല്ലാ പ്ലാന്റുകളും കാർബൺരഹിത സാങ്കേതിക വിദ്യയിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുമെങ്കിൽ പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ലാഭിക്കാനും ഹരിതഗൃഹ വാതക രഹിത ഊർജോപയോഗം ഗണ്യമായി കുറക്കാനും കഴിയും.

ഇത് അവരുടെ സാമ്പത്തിക മേഖലയിൽ നല്ല സ്വാധീനം ചെലുത്തും. മേഖലയിലെ ഊർജ, ജലവിതരണ സംവിധാനങ്ങളുടെ പ്രശ്നങ്ങൾ, ഉപഭോഗം കുറക്കുന്നതിനുള്ള രീതികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും പഠനവിധേയമാക്കണം. മെച്ചപ്പെട്ട മീറ്ററിങ്, നിരക്ക് നിർണയ ഘടനകൾ, ഫാമുകളിലെ ഭൂഗർഭജലം പുനർനിർമിക്കൽ എന്നിവയിലൂടെ ഗണ്യമായി ജലവും ഊർജവും ഭാവിയിൽ ലഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Water and energy security needs urgent action by GCC - World Bank chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.